
കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ.ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശിയായ നരേന്ദ്രര്‍ കുമാറിനെയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ എന്നും കോടതി പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പറഞ്ഞു.2015 മേയ് 16ന് അര്‍ധരാത്രി പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി(62), മകന്‍ പ്രവീണ്‍ ലാല്‍(28) എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍(27) കൊലപ്പെടുത്തിയെന്നാണ് കേസ്.കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന തുണി അലക്കു സ്ഥാപനത്തില്‍ തുണി തേയ്പ്പു ജോലിക്കാരനായിരുന്നു പ്രതി നരേന്ദര്‍ കുമാര്‍ (30). സ്വന്തം കടബാധ്യതകള്‍ വീട്ടാന്‍ ഇയാള്‍ അര്‍ധരാത്രി കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.