
ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയം പ്രതിസന്ധി രൂക്ഷമാകുന്നു.സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണറുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ശശികല നിരാഹാര സമരത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ഗവര്‍ണറുടെ തീരുമാനത്തിനായി ഇന്നു വൈകുന്നേരം വരെ കാത്തരിക്കുമെന്നും ശശികല പക്ഷം പറയുന്നു.രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ക്കൊപ്പം അവര്‍ നിരാഹാരമിരിക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദിവസം കഴിയുന്തോറും പന്നീര്‍ശെല്‍വത്തിന് പിന്തുണ കൂടുന്നുവെന്ന് കണ്ടുകൊണ്ടു കൂടിയാണ് പുതിയ നടപടി. അതേസമയം, ഒ.പനീര്‍സെല്‍വത്തിനു പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍സെല്‍വത്തിന് അവസരം നല്‍കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.പാര്‍ട്ടിയെ പിളര്‍ത്താന്‍ ഗവര്‍ണര്‍ മനഃപൂര്‍വം നടപടിക്രമങ്ങള്‍ വൈകിക്കുകയാണെന്ന് ശശികല ആരോപിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ പനീര്‍സെല്‍വം ക്യാമ്പിലേക്ക് പോകുന്നതും ശശികലയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു മന്ത്രിയും മൂന്ന് എംപിമാരും പാര്‍ട്ടി വക്താവും ഇന്നലെ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.