
ചെന്നൈ: എഐഎഡിഎംകെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം.പനീര്‍സെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പനീര്‍ശെല്‍വമോ ശശികലയോ എന്ന് തീരുമാനമാകാത്ത സാഹചര്യത്തില്‍ ശശികലയ്‌ക്കെതിരെ ഒ.പി.എസ് അനുകൂലികളെ മറീന ബീച്ചില്‍ അണിച്ചേര്‍ക്കാനാണ് ശ്രമിക്കുന്നത് . ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അണ്ണാ സമാധിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ യോഗത്തിനായി കാര്യമായ പ്രചാരവും നടക്കുന്നുണ്ട്. യുവാക്കളോട് രാവിലെ പത്തിന് മറീന ബീച്ചിലെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.തമിഴ്‌നാട്ടിലെ പൊതുവികാരം ഉണര്‍ത്തി ജെല്ലിക്കെട്ട് സമരത്തിന് സമാനമായൊരു പശ്ചാത്തലം ഒരുക്കാനാണ് പനീര്‍സെല്‍വം അനുകൂലികളുടെ ശ്രമം.അതിനിടെ ശശികല എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിസോര്‍ട്ടുകളില്‍ റെയ്ഡും നടക്കുന്നുണ്ട്. കാഞ്ചിപുരം കൂവത്തൂരിലെ റിസോര്‍ട്ടിലാണ് റവന്യൂവകുപ്പും പൊലീസും ചേര്‍ന്നുളള പരിശോധന നടത്തിയത്. റിസോര്‍ട്ടിലെ റെയ്ഡ് വിവരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. റിസോര്‍ട്ടിനുള്ളില്‍ നിന്നും എഐഡിഎംകെ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിവരം.