കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ നേപ്പാളില്‍ പിടിയില്‍; പിടിയിലായത് ഐഎസ്‌ഐ ഏജന്റായ ഷംസുള്‍ ഹോഡ

ന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ ഷംസുല്‍ ഹോഡ നേപ്പാളില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുള്ള ഐഎസ്‌ഐ ഏജന്റാണു ഷംസുല്‍ എന്നാണു പൊലീസ് നിഗമനം. ദുബായില്‍ നിന്ന് ഹോഡയെ നേപ്പാളിലേക്ക് നാടുകടത്തുകയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ ദുബായില്‍ കണ്ടെത്തിയ ഹോഡയെ ഒരു ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നേപ്പാളും തെരയുന്നയാളാണ്. ദുബായില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ഷംസുല്‍ നേപ്പാളില്‍ അറസ്റ്റിലാകുന്നത്.
നവംബറില്‍ ഉണ്ടായ ഇന്‍ഡോര്‍ പട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റി 150 പേര്‍ മരിക്കാനിടയായ സംഭവം അട്ടിമറിയായിരുന്നെന്നും പാളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചാണ് അപകടപ്പെടുത്തിയതെന്നും നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹോഡയ്ക്ക് വേണ്ടിയുള്ള തെരച്ചിലില്‍ ആയിരുന്നു പൊലീസ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ബീഹാറില്‍ അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നായിരുന്നു അട്ടിമറിയെ കുറിച്ചുള്ള വിവരം പോലീസിന് കിട്ടിയത്. ബോംബുകള്‍ ട്രാക്കില്‍ സ്ഥാപിക്കാന്‍ ഹോഡ നേപ്പാളി സ്വദേശിയായ ബ്രിജ് കിഷോര്‍ ഗിരി എന്നയാള്‍ക്ക് നിര്‍ദേശം നല്‍കുകയും മോത്തിഹാരി സ്വദേശികളായ മൂന്ന് യുവാക്കളുടെ സഹായത്തോടെ ഗിരി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും യുവാക്കള്‍ പൊലീസിന് മൊഴി നല്കി.സംഭവത്തില്‍ ബ്രിജ് കിഷോറിനൊപ്പം ആശിശ് സിംഗ്, ഉമേഷ്‌കുമാര്‍ കുര്‍മ്മി എന്നിവരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കാണ്‍പൂര്‍ ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ആന്ധ്രയിലെ കുനേരുവിലുണ്ടായ അപകടവും അട്ടിമറിയാണോ എന്ന് അന്വേഷിച്ചുവരുകയാണ്.

© 2025 Live Kerala News. All Rights Reserved.