ലോ അക്കാദമി ചര്‍ച്ചയില്‍ നിന്നും വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയത് ശരിയല്ല; വിദ്യാഭ്യാസമന്ത്രിക്ക് 10 മിനിറ്റ് സഹനശക്തി കാട്ടാമായിരുന്നു; എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല;രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും എസ്എഫ്‌ഐക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയത് ശരിയല്ല. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ എന്നും പന്ന്യന്‍. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ല. മാനെജ്‌മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും പന്ന്യന്‍ എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ഥി സമരം തീര്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിദ്യാര്‍ഥി ഐക്യം സമരഐക്യമായി വളരും. രാഷ്ട്രീയ ന്യായങ്ങള്‍ കണ്ടുപിടിച്ച് വിദ്യാര്‍ഥി ഐക്യം തകര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്നും കാനം കോഴിക്കോട് വ്യക്തമാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.