ഗംഗാനദിയില്‍ ബോട്ട് മറിഞ്ഞ് 23 മരണം;അപകടത്തില്‍ പെട്ടത് 40 പേരുമായി പോയ ബോട്ട്;നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പട്‌ന: ബീഹാറിലെ പാറ്റ്‌നയില്‍ ഗംഗാനദിയില്‍ നാല്‍പതോളം പേരുമായി പോകുകയായിരുന്ന യാത്രാബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി.മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്ത നിവാരണസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്ത്വം നല്‍കുവാന്‍ മുന്നിലുണ്ട്. മകരസംക്രാന്തിയോടനുബന്ധിച്ച് നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനുശേഷം സബല്‍പൂരില്‍നിന്ന് പട്‌നയിലെ റാണിഗട്ടിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. കരയോട് അടുത്തപ്പോഴാണ് അപകടം നടന്നത്. അതിനാല്‍ നിരവധിയാളുകള്‍ നീന്തി രക്ഷപെട്ടു. രക്ഷപെട്ടവരെ പിന്നീട് പട്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതഭാരമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.20 പേര്‍ കയറാവുന്ന ബോട്ടില്‍ 40തോളം യാത്രക്കാരുണ്ടായിരുന്നത്. ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി സര്‍വിസ് നടത്തുകയായിരുന്നു.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി നിതീഷ്‌കൂമാര്‍ അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.