ചെഗുവേര ഗാന്ധിയെപ്പോലെ; ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം;എംടി ഹിമാലയത്തിന് തുല്യം;കമല്‍ രാജ്യസ്‌നേഹിയുമെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍

കണ്ണൂര്‍: ക്യൂബന്‍ വിപ്ലവ നായകനായ ചെഗുവേര മഹാത്മാ ഗാന്ധിയെപ്പോലെയെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ചെഗുവേരയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ. ചെഗുവേരയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. ഇവിടെത്തെ ഗാന്ധിയന്‍ ജനാധിപത്യ സമരത്തിന്റെ രീതി പോലെ തന്നെയാണ് അവിടെ സായുധ സമരം. വിപഌത്തിനു ശേഷം വലിയ മന്ത്രി സ്ഥാനം ലഭിച്ചിട്ടും ലാറ്റിനമേരിക്കയിലെ ജനങ്ങളുടെ സ്വാതന്ത്യത്തിന് വേണ്ടി അതു ഉപേക്ഷിച്ചയാളാണ്. ക്യൂബന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ചെഗുവേരയെ, യുവാക്കള്‍ മാതൃകയാക്കണമെന്ന് സി കെ പത്മനാഭന്‍ പറഞ്ഞു.കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംഘപരിവാര്‍ ആശയങ്ങളെ തള്ളിപ്പറഞ്ഞത്. എം ടിക്കും കമലിനുമെതിരായ ബിജെപി അക്രമങ്ങള്‍ക്കുനേരെ രൂക്ഷമായ വിമര്‍ശവുമുയര്‍ത്തി.കള്ളപ്പണത്തിനെതിരായ ബിജെപിയുടെ ജാഥ അതിന്റെ ഉദ്ദേശത്തില്‍നിന്നു വഴിമാറി. സംവിധായകന്‍ കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നത് എ.എന്‍. രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് ശരിയായ നിലപാടല്ല. കമലിന്റെ സിനിമകള്‍ രാജ്യസ്‌നേഹത്തിലധിഷ്ഠിതമാണ്. അദ്ദേഹത്തിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടേണ്ടതുമല്ല. നോട്ട് നിരോധന വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഹിമാലയതുല്യനായ എം.ടി വാസുദേവന്‍ നായരെ കല്ലെറിയുന്നവര്‍ സംതൃപ്തി കണ്ടെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന് പ്രചോദനം ചെഗുവേരയാണെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയുടെ വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി പ്രതിരോധത്തിലാക്കുന്ന പ്രസ്താവന സി കെ പത്മനാഭന്‍ നടത്തിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.