രാജിക്കത്ത് ലഭിച്ചിട്ടില്ല; പോള്‍ ആന്റണി വ്യവസായ സെക്രട്ടറിയായി തുടരും;പോള്‍ ആന്റണിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനാണെന്നും മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിപ്പട്ടികയിലുള്ള പോള്‍ ആന്റണി വ്യവസായ സെക്രട്ടറിയായി തുടരുമെന്ന് വ്യവസായവകുപ്പ്മന്ത്രി എ.സി. മൊയ്തീന്‍. വിജിലന്‍സ് കേസിലെ പ്രതിയായതുകൊണ്ട് ആരും രാജിവയ്‌ക്കേണ്ടതില്ല. തന്നെ വ്യവസായ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കാണിച്ച് പോള്‍ ആന്റണി നല്‍കിയെന്നു പറയുന്ന കത്ത് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പോള്‍ ആന്റണിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.ആരോപണങ്ങള്‍ക്കു വിധേയനാകാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇപ്പോള്‍ നടക്കുന്നത് അന്വേഷണം മാത്രമാണ്. കുറ്റവാളിയാണെന്നു തെളിഞ്ഞിട്ടില്ല. അതേസമയം, പദവി മാറ്റണമെന്ന പോള്‍ ആന്റണിയുടെ കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. സ്ഥാനത്തു തുടരാന്‍ താല്‍പ്പര്യമില്ലെന്നു കാട്ടി കഴിഞ്ഞ ദിവസമാണു പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. പ്രതിയായതിനാല്‍ വ്യവസായ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാര്‍മികമായി ശരിയല്ലെന്നും താന്‍ തുടരണമോയെന്നു സര്‍ക്കാരാണു വ്യക്തമാക്കേണ്ടതെന്നുമാണ് പോള്‍ ആന്റണി കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.