പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്;രേഖകള്‍ പിടിച്ചെടുത്തു;എംഡി എംഎം അക്ബര്‍ വിദേശത്തേക്ക് കടന്നതായി പൊലീസ്

കോഴിക്കോട്: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബംന്ധപ്പെട്ട കരാര്‍ രേഖകള്‍ പിടിച്ചെടുത്തു.ഓരോ സ്ഥലത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളാണ് പരിശോധനയില്‍ പൊലീസിനു ലഭിച്ചത്. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.എംഡിയായ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനാണ് പൊലീസ് പീസ് സ്‌കൂള്‍ ആസ്ഥാനത്ത് എത്തിയത്. കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഖത്തറിലാണുള്ളതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. എംഡിയുടെ സെക്രട്ടറി അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മുംബൈയില്‍ പുസ്തകം അച്ചടിച്ച മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായത്. ഈ സ്ഥാപനം അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ള ചിലര്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്. മത തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ ചെറിയ ക്ലാസിലെ കുട്ടികളെ പോലും പഠിപ്പിക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റ് ട്രസ്റ്റികള്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.