വാരണാസിയില്‍ തിക്കിലും തിരക്കിലുംപെട്ട് 19 മരണം; പതിനഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്; അപകടം ആത്മീയ നേതാവ് ജയ് ഗുരുദേവിന് ആദരമര്‍പ്പിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍; മരണസംഖ്യ ഉയര്‍ന്നേക്കാം

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മതചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു. പതിനഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.രാജ്ഘാട്ട് പാലത്തിന് സമീപമാണ് അപകടം. ആള്‍ ദൈവം ബാബ ജയ്ഗുരുദേവിന് ആദരം അര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയ്ഗുരുദേവിന്റെ അനുയായികള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്. പാലത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ഇതിനിടെ പാലം തകര്‍ന്നുവെന്ന അഭ്യൂഹവും പരന്നു. പാലത്തില്‍ ആളുകളുടെ വസ്ത്രങ്ങളും ചെരുപ്പുകളും ചിതറി കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്കും 50,000 രൂപയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.