ഇസ്ലമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ കോഴിക്കോട് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി പാകിസ്താന്‍. കാശ്മീരിലെ ജനങ്ങളെ ഇന്ത്യ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് പാകിസ്ഥാന്‍. നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗത്തിന് മറുപടിയായാണ് പാകിസ്ഥാന്റെ വാര്‍ത്താവിതരണ മന്ത്രി പര്‍വേസ് റാഷിദ് ഇക്കാര്യം പറഞ്ഞത്. ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുന്നതെന്നും ശ്രീനഗറിലെ അസ്വസ്ഥതകള്‍ തുടരുമ്പോള്‍ ഡല്‍ഹിയില്‍ ഒരിക്കലും സമാധാനം ഉണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ഉത്തരവാദിത്വം കാണിക്കണം. അതിനായി ഇന്ത്യന്‍ ഗവണ്‍മെന്റ് കാശ്മീരി ജനതയെ പരിഗണിക്കണം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ എന്നും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷേ അതിന് മുന്‍കൈയെടുക്കേണ്ടത് ഇന്ത്യയാണ്. ശ്രീനഗറിലെ ജനങ്ങള്‍ തൃപ്തരായാല്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനമുണ്ടാകും പര്‍വേസ് റാഷിദ് പറഞ്ഞു. ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പോലെ ദാരിദ്രവും നിരക്ഷരതയും അവസാനിപ്പിക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യ ആസിയന്‍ രാജ്യങ്ങളില്‍ നിന്നും പാഠം പഠിക്കേണ്ടതുണ്ടെന്നും പാര്‍വേസ് റാഷിദ് കൂട്ടിച്ചേര്‍ത്തു. ഉറിയിലെ ഭീകരാക്രമണത്തെ ന്യായീകരിച്ച് ഇന്നലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തിയിരുന്നു. കശ്മീരിലെ സാഹചര്യങ്ങളോടുളള ജനങ്ങളുടെ പ്രതികരണമാണ് ഉറിയിലെ ഭീകരാക്രമണമെന്നും തെളിവുകളില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു.