ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനിയെ വിട്ടയച്ചു; പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷ പരിപാടിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തത്

അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനിയെ വിട്ടയച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷ പരിപാടിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് ജിഗ്‌നേഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദിവാസി ദളിത് സമ്മേളനത്തില്‍ കസേരകള്‍ പറക്കുന്നത് താന്‍ സ്വപ്‌നം കണ്ടെന്നായിരുന്നു ജിഗ്‌നേഷിന്റെ പരാമര്‍ശം. ദല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന ദളിത് സ്വാഭിമാന സംഘര്‍ഷ റാലിയില്‍ പങ്കെടുത്ത് മടങ്ങവെ അഹമ്മദാബാദ് വിമാനത്താവളത്തില്‍വെച്ചാണ് ജിഗ്‌നേഷ് മെവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയ ജിഗ്‌നേഷ് മെവാനിയെ പിന്നീട് വിട്ടയക്കുകയായിരുന്നു. കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മേവാനിയെ അറസ്റ്റു ചെയ്തതെന്നും ചോദ്യം ചെയ്തശേഷം വിട്ടയക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ദീപന്‍ ബര്‍ദന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടിയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനാണ് ജിഗ്‌നേഷിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം.

© 2025 Live Kerala News. All Rights Reserved.