തലശ്ശേരിയില്‍ തെരുവുനായ്ക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി; ഉറങ്ങുമ്പോള്‍ ടെന്റില്‍ ഇരച്ചുകയറിയാണ് തെരുവ്‌നായ ആക്രമിച്ചത്; സ്ത്രീയുടെ മൂക്കും ചുണ്ടും കടിച്ചുപറിച്ചു

കണ്ണൂര്‍: തിരുവനന്തപുരത്ത് തെരുവ് നായകള്‍ വൃദ്ധയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും തലശ്ശേരിയില്‍ തെരുവ് നായ്ക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി. ഉറങ്ങുമ്പോള്‍ ടെന്റില്‍ ഇരച്ചുകയറിയാണ് തെരുവ്‌നായ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാടോടി സ്ത്രീ ആശുപത്രിയില്‍. ഹൊന്‍സൂര്‍ സ്വദേശിയായ രാധയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ മൂക്കും ചുണ്ടും കടിച്ചുമുറിച്ചു. മാമ്പറത്ത്‌തെരുവിന് സമീപത്തെ മൈതാനത്ത് ടെന്റു കെട്ടി കഴിയുകയായിരുന്നു രാധയും കുടുംബവും. കഴിഞ്ഞ രാത്രിയില്‍ കിടന്നുറങ്ങുന്നതിനിടയില്‍ ടെന്റിലേക്ക് നായ്ക്കൂട്ടം ഇരച്ചു കയറുകയും കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. നായ്ക്കൂട്ടം പുലര്‍ച്ചെ 5 മണിയോടെയാണ് കുടുംബത്തെ ആക്രമിച്ചത്. വാതിലിനോട് ചേര്‍ന്ന് കിടക്കുകയായിരുന്ന രാധയാണ് ആദ്യം ഇരയായത്. രാധയെ കടിച്ചുപറിച്ച നായ്ക്കൂട്ടം കടിച്ച് പുറത്തേക്ക് വലിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഇവരുടെ മൂക്കും ചുണ്ടുകളും പുര്‍ണ്ണമായും നായകള്‍ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ് രാധയെ തലശ്ശേരിയിലെ ഒരു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന അഭിപ്രായത്തിലാണ് ഡോക്ടര്‍മാര്‍. അതേസമയം മെഡിക്കല്‍ കോളേജില്‍ പോകാന്‍ പണമില്ലാത്തതിനാല്‍ ഇവര്‍ ജനറല്‍ ആശുപത്രിയില്‍ തുടരുകയാണ്. മൂക്ക് ഏറെക്കുറെ പൂര്‍ണ്ണമായി തന്നെ നായ്ക്കുട്ടികള്‍ കടിച്ചെടുത്തതിനാല്‍ ഇവ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാള്‍ പറയുന്നു്.

© 2025 Live Kerala News. All Rights Reserved.