
കോഴിക്കോട് : പുതിയറ ബി.ഇ.എം യുപി സ്‌കൂളിലെ ഓണാഘോഷം അലങ്കോലമാക്കി സാമൂഹ്യവിരുദ്ധര്‍. അധ്യാപകരും രക്ഷിതാക്കളും കൂടെ നിര്‍മിച്ച സദ്യ നശിപ്പിക്കുകയും പാചകം ചെയ്ത അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു. ഇന്ന് ഓണാഘോഷ പരിപാടികള്‍ സ്‌കൂളില്‍ നടക്കാനിരിക്കെയാണ് ഇന്നലെ രാത്രി എത്തിയ ആളുകള്‍ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തത്. സ്‌കൂളിലെ കിണര്‍ മലിനമാക്കിയതായും സംശയമുണ്ട്. 400 ഓളം പേര്‍ക്കായി തയ്യാറാക്കിയ സദ്യയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ ഓണാഘോഷം നശിപ്പിച്ചത് വൃത്തികെട്ട പരിപാടിയെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത പറഞ്ഞു.തലയ്ക്ക് സ്ഥിരതയുള്ള ആരും ഇത്തരമൊരു കാര്യം ചെയ്യില്ല. ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചെങ്കിലും കുട്ടികള്‍ക്കായുള്ള ഓണസദ്യ മുടങ്ങില്ലെന്നും അതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ചെയ്യുമെന്നും എന്‍ പ്രശാന്ത് അറിയിച്ചു.
ഇന്ന് ഓണസദ്യ നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി പത്തിന് അധ്യാപകരും രക്ഷിതാക്കളും സ്‌കൂളില്‍ തന്നെ ഉണ്ടായിരുന്നു. രാത്രി തയ്യാറാക്കി വെച്ച ഭക്ഷണങ്ങളാണ് നശിപ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് സ്‌കൂളില്‍ എത്തി ബാക്കി ഭക്ഷണം ഉണ്ടാക്കാനിരിക്കുകയായിരുന്നു. എന്നാല്‍ രാവിലെ സ്‌കൂളില്‍ എത്തിയ പ്രധാന അധ്യാപകനാണ് ഓഫീസ് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അകത്ത് കയറിനോക്കിയപ്പോള്‍ ഭക്ഷണം നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉണ്ടാക്കിവെച്ച ഭക്ഷണങ്ങളില്‍ ചിലത് എടുത്ത് കഴിക്കുകയും അടുക്കളയിലെ അടുപ്പില്‍ മലവിസര്‍ജനം നടത്തിയതായും കണ്ടെത്തി. സ്‌കൂളിലെ ഓഫീസ് റൂമില്‍നിന്നും മറ്റ് മുറികളുടെ താക്കോള്‍ എടുത്താണ് ഇത്തരമൊരു അതിക്രമം നടത്തിയത്. അതേസമയം സ്‌കൂളിലെ മറ്റ് ഫയലുകളോ അടുക്കളയിലെ പാത്രങ്ങളോ ഒന്നും നഷ്ടമായിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. ആരാണ് ഇതിന് പിന്നിലെന്നോ എന്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നോ തങ്ങള്‍ക്ക് അറിയില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. സംഭവം പോലീസില്‍ അറിയിച്ച ഉടന്‍ തന്നെ കസബ പോലീസ് സ്ഥലത്ത് എത്തി.