മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഓണാഘോഷം; മന്ത്രിമാരായ കെ.ടി. ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു; വൈകിട്ട് അരമണിക്കൂര്‍ അധികസമയം ജോലി ചെയ്യുമെന്ന് ജീവനക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഓണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ആഘോഷത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍.സെക്രട്ടേറിയറ്റിലും അനക്‌സിലും ജീവനക്കാര്‍ പൂക്കളമിട്ടു. ആഘോഷപരിപാടി സംഘടിപ്പിച്ചതിനു പകരം വൈകിട്ട് അരമണിക്കൂര്‍ അധികസമയം ജോലി ചെയ്യുമെന്നാണ് ജീവനക്കാരുടെ നിലപാട്. അഞ്ചു പൂക്കളങ്ങളാണ് വിവിധ ബ്ലോക്കുകളിലായി ജീവനക്കാര്‍ ഇട്ടത്. ഇതില്‍ മിക്കതും ഇന്നലെ രാത്രിയോടെ നിര്‍മിച്ചവയാണ്. എന്നാല്‍, ഇന്ന് ഓഫീസ് സമയത്താണ് ഇതിന്റെ അവസാനഘട്ട മിനുക്കു പണികള്‍ നടത്തിയത്. പത്തുമണിക്ക് ശേഷമാണ് ആഘോഷത്തിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ളവ നടന്നത്. ഈ ചടങ്ങില്‍ മന്ത്രിമാരും പങ്കെടുത്തു. ജോലി സമയത്തു പൂക്കളമിടലും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം..പ്രവര്‍ത്തന സമയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തിയാല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുമെന്നും ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ വകുപ്പു മേധാവികള്‍ ശ്രദ്ധിക്കണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.ഓഫിസ് സമയത്തിനു മുന്‍പോ ഉച്ചഭക്ഷണ സമയത്തോ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സെക്രട്ടറിയേറ്റ് സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം തള്ളിയിരുന്നു.

© 2025 Live Kerala News. All Rights Reserved.