മതത്തിന്റെ മതില്‍കെട്ടില്‍ ഞെരുങ്ങി കേരളം നരകമാകുന്നു; കൊഴിഞ്ഞുപോകേണ്ട മേല്‍വിലാസങ്ങള്‍ രാഷ്ട്രീയലാഭമുണ്ടാക്കുന്നതായും സംവിധായകന്‍ രഞ്ജിത്

കൊച്ചി: മതത്തിന്റെ മതില്‍കെട്ടില്‍ ഞെരുങ്ങി കേരളം നരകമാകുന്നതായി സംവിധായകന്‍ രഞ്ജിത്. മനുഷ്യന്റെ നെഞ്ചില്‍ ജാതിയുടെയും മതത്തിന്റെയും ചാപ്പകുത്തുകയാണ്. കൊഴിഞ്ഞുപോകേണ്ട മേല്‍വിലാസങ്ങള്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായും വെള്ളാപ്പള്ളി നടേശനെ പേരെടുത്തു പറയാതെ രഞ്ജിത് പറഞ്ഞു.
കൊഴിഞ്ഞു പോകേണ്ട ജാതിയുടെ മേല്‍വിലാസങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ കേരളം നരകമായി മാറുകയാണോയെന്ന് രഞ്ജിത്ത് ചോദിച്ചു. പൃഥ്വിരാജ് ചിത്രമായ ‘പാവാട’യുടെ ഓഡിയോ പ്രകാശന ചടങ്ങിലായിരുന്നു വര്‍ത്തമാന കാല സംഭവവികാസങ്ങള്‍ പരാമര്‍ശിച്ച് രഞ്ജിത്തിന്റെ പ്രസംഗം. ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊഴിവാക്കിയായിരുന്നു ഓഡിയോ പ്രകാശനം. ആഘോഷങ്ങള്‍ ചുരുക്കി നേടിയ പണം ചെന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി.
നേരത്തെ മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട നൗഷാദിന് ആദരാഞ്ജലിയര്‍പ്പിച്ച് രഞ്ജിത്തെഴുതിയ ലേഖനം വലിയ ചര്‍ച്ചയായിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു നൗഷാദിനെ അധിക്ഷേപിച്ചുള്ള വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗം. പിന്നീട് ഇന്നലെ സംഘ്പരിവാര്‍ പ്രവര്‍ത്തക ശശികല ടീച്ചറും നൗഷാദിനെ ആക്ഷേപിച്ചിരുന്നു.
സമകാലിക വിഷയങ്ങളില്‍ കൃത്യമായ നിലപാട് രേഖപ്പെടുത്തുന്ന ചുരുക്കം ചില ചലചിത്രപ്രവര്‍ത്തകരിലൊരാളാണ് രഞ്ജിത്.

© 2024 Live Kerala News. All Rights Reserved.