ചന്ദ്രേട്ടന്റെ ഫോണ്‍ പുലിവാല്‍ തീരുന്നില്ല: നിര്‍മ്മാതാക്കള്‍ക്കും സംവിധായകനുമെതിരെ പൊതു നോട്ടീസ്

തിരുവനന്തപുരം: ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയുടെ നിർമ്മാതാക്കൾക്കും സംവിധായകനുമെതിരെ പൊതു നോട്ടീസ് പുറപ്പെടുവിക്കാൻ തിരുവനന്തപുരം അഡിഷണൽ മുൻസിഫ് കെ.പ്രസന്ന ഉത്തരവിട്ടു.
സിനിമയിലെ നായികമാരിൽ ഒരാൾക്ക് വീട്ടമ്മയുടെ മൊബൈൽ നമ്പർ നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി. സിനിമയിൽ പ്രദർശിപ്പിക്കുന്ന മേൽവിലാസത്തിലേക്ക് അയച്ച നോട്ടീസ് മടങ്ങിയതിനെ തുടർന്നാണ് ഒരു പ്രമുഖ ദിന പത്രത്തിലും നഗരസഭയിലും വില്ലേജാഫീസിലും നോട്ടീസ് പ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്. അതേസമയം, സിനിമയിൽ നിർമ്മാതാവിന്റെയും സംവിധായകന്റെയും വ്യാജ മേൽവിലാസം നൽകിയെന്നാരോപിച്ച് വീട്ടമ്മ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ നടിയുടെ സാങ്കൽപ്പിക നമ്പർ അതിന്റെ യഥാർത്ഥ ഉടമയായ വീട്ടമ്മക്ക് ഉണ്ടാക്കിയ ദുരിതത്തെ കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു . ചിത്രം പുറത്തിറങ്ങിയത് മുതൽ നിരന്തരം ഫോൺവിളികളും അശ്ലീലസന്ദേശങ്ങളും വന്നതോടെ സിനിമയുടെ പ്രദർശനം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മ കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ കഴമ്പുണ്ടെന്ന്കോടതി നിയോഗിച്ച  അഭിഭാഷക കമ്മിഷൻ അഡ്വ.ലീന ചന്ദ് കണ്ടെത്തുകയും കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്യിതതിനെ തുടർന്ന്. കോടതി ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ നിർമ്മാതാക്കളായ ഷൈജുഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർക്കും കോടതി നോട്ടീസയച്ചെങ്കിലും ആരും ഹാജരായില്ല. സിനിമാടൈറ്റിലിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്ന മേൽവിലാസം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് മടങ്ങി. പല തവണ കേസിൽ വാദം വെച്ചിട്ടും അണിയറക്കാരാരും ഹാജരാകാത്ത സാഹചര്യത്തിൽ പത്രപരസ്യം നൽകാൻ വഞ്ചിയൂ‍ർ മുൻസിഫ് കോടതി നിർ‍ദ്ദേശിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 20ന് അണിയറക്കാർ ഹാജരായില്ലെങ്കിൽ കോടതി തുടർനടപടികളിലേക്ക് കടക്കുവാൻ കോടതി തീരുമാനം കൈക്കൊള്ളും .

© 2024 Live Kerala News. All Rights Reserved.