സൂപ്പര്‍ഹിറ്റുകളുടെ രാജകുമാരന്‍ അരങ്ങൊഴിഞ്ഞു; ആലപ്പി ഷെരീഫിന് അന്ത്യാഞ്ജലി

കോട്ടയം: മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റകളായി തകര്‍ത്തോടിയ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫാ(74)ണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. മലയാള സിനിമയിലെ മികച്ച ചിത്രങ്ങളായ അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ, ഊഞ്ഞാല്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ആരോഹണം (1980), അസ്തമിക്കാത്ത പകലുകള്‍ (1981), മമ്മൂട്ടി ചിത്രമായ നസീമ (1983) എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഐ.വി.ശശിക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ഒരുക്കിയത്. ഐ.വി.ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന്റെ തിരക്കഥ രചിച്ചതും ഷെരീഫായിരുന്നു. 1972ല്‍ പുറത്തിറങ്ങിയ എ.ബി.രാജിന്റെ കളിപ്പാവയാണ് തിരക്കഥയെഴുതിയ ആദ്യ ചിത്രം. അതിന് മുന്‍പ് 1971ല്‍ പുറത്തിറങ്ങിയ വിപിന്‍ദാസിന്റെ പ്രതിദ്ധ്വനിക്കുവേണ്ടി സംഭാഷണം രചിച്ചിരുന്നു. ഐ.വി.ശശിയുടെ മോഹന്‍ലാല്‍ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും.ആലപ്പുഴ കൊപ്രാക്കട തറവാട്ടില്‍ ഹമീദ് ബാബയുടെയും രഹ്മ ബീവിയുടെയും മകനായി 1940ലായിരുന്നു ജനനം. ചെറുകഥകള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം. മുക്കുമാലയായിരുന്നു പ്രസിദ്ധീകരിച്ച ആദ്യ കഥ. ഭാര്യ: നസീമ. മക്കള്‍, ഷെഫീസ്, ഷാറാസ്, ഷര്‍ണമോള്‍. അദേഹത്തിന്റെ വിയോഗത്തില്‍ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.

© 2024 Live Kerala News. All Rights Reserved.