അജിത് നായകനായ വേതാളം നൂറ് കോടി ക്ലബിലേക്ക്; തമിഴിന്റെ തല അജിത് തന്നെ

വിജയ്, വിക്രം തുടങ്ങിയ മുന്‍നിര തമിഴ് താരങ്ങളെക്കാള്‍ ഒരുപടി എന്നും മുന്നിലാണ് തമിഴ് സിനിമാലോകം തല എന്ന് വിശേഷിപ്പിക്കുന്ന അജിത്തിന്റെ സ്ഥാനം. ഡ്യൂപ്പിന്റെ സഹായം പരമാവധി തള്ളിക്കളയുന്ന അജിത് സാഹസികപ്രകടനങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിക്കാറുമുണ്ട്. തല ഏറ്റവും പുതിയ ചിത്രവും തീയറ്ററുകളില്‍ നിറഞ്ഞോടുന്നതുമായ വേതാളം നൂറ് കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചുവെന്നതാണ് പുതിയ വാര്‍ത്ത. ദീപാവലി റിലീസായി പുറത്തിറങ്ങിയ ചിത്രം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. തല അജിത്തിന്റെ 56ആം ചിത്രമാണ് വേതാളം. വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. അജിത്തിന്റെ സഹോദരിയുടെ വേഷത്തില്‍ മലയാളി താരം ലക്ഷ്മി മേനോനും എത്തുന്നുണ്ട്. ശ്രീസായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

ഇതിനിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കാല്‍മുട്ടുകള്‍ക്കേറ്റ പരുക്കിനെ തുടര്‍ന്ന് അജിത് വിശ്രമത്തിലാണ്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ താരത്തിന് മൂന്ന് മാസത്തെ പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വേതാളത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. അടുത്ത ജൂണ്‍ വരെ മറ്റ് ചിത്രങ്ങളൊന്നും ചെയ്യുന്നില്ലെന്നാണ് തത്കാലമുള്ള തീരുമാനം. നേരത്തെ ആരംഭം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയും അജിത്തിന് പരുക്കേറ്റിരുന്നു. സിബിമലയില്‍-രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഉസ്താദ് കോപ്പിയാണ് വേതാളമെന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് നൂറുകോടി ക്ലബിലേക്കുള്ള പ്രവേശനം.

© 2024 Live Kerala News. All Rights Reserved.