ബി.ജെ.പിയുമായി കൂട്ടുകെട്ടില്ല, എസ്‌.എന്‍.ഡി.പിക്കാര്‍ക്ക്‌ ഏത്‌ ചിഹ്നത്തിലും മത്സരിക്കാം: വെള്ളാപ്പള്ളി

കൊല്ലം: ബി.ജെ.പിയുമായി യാതൊരു കൂട്ടുകെട്ടുമില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ എസ്‌.എന്‍.ഡി.പിക്കാര്‍ക്ക്‌ ഇഷ്‌ടമുള്ള ഏതു പാര്‍ട്ടിയുടെ ചിഹ്നത്തിലും മത്സരിക്കാമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലം പ്രസ്‌ ക്ലബില്‍ തദ്ദേശീയം-2015 എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെട്ടപ്പോഴാണു നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ സംഘടിപ്പിച്ചു രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. അതോടെ ഇടതു-വലതു മുന്നണിക്കാര്‍ പുകിലുതുടങ്ങി. ഇപ്പോള്‍ തനിക്കും മകനുമെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയും എസ്‌.എന്‍.ഡി.പിയില്‍നിന്നു പുറത്തുപോയ ചിലരുടെ വിരോധവുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സിന്റെ കണക്കുചോദിക്കുന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഈഴവനല്ല, കമ്യൂണിസ്‌റ്റുകാരനാണ്‌. ഒരു ലക്ഷം രൂപ തന്നാല്‍ എസ്‌.എന്‍. ട്രസ്‌റ്റില്‍ അംഗത്വം കൊടുക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സില്‍ യാതൊരു അഴിമതിയും നടത്തിയിട്ടില്ല. സി.ബി.ഐ. അന്വേഷണം നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ്‌ വര്‍ഗീയപ്പാര്‍ട്ടിയാണെന്നു പറഞ്ഞ സി.പി.എം. ഇപ്പോള്‍ ഗവേഷണം നടത്തി അവര്‍ മതേതരപാര്‍ട്ടിയാണെന്നു പറയുന്ന ഗതികേടിലാണ്‌. ബി.ജെ.പി. സ്വയം വളര്‍ന്നതല്ല, വളര്‍ത്തിയതാണ്‌. ഇരുമുന്നണികളുടെയും മതേതരഭരണത്തിന്‍കീഴില്‍ യാതൊരു പരിഗണനയും ലഭിക്കാത്തവര്‍ ബി.ജെ.പിയിലേക്കുപോയി. അരുവിക്കരയില്‍ എല്‍.ഡി.എഫ്‌. തോറ്റപ്പോള്‍ എസ്‌.എന്‍.ഡി.പിയെ പഴി പറഞ്ഞു. ഞങ്ങള്‍ അവിടെ വോട്ട്‌ പിടിക്കാന്‍ പോയിട്ടില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പാഠം പഠിക്കുമെന്നും ബി.ജെ.പി. ഉന്നതവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്‌.എസ്‌. നേതാവ്‌ എ.എന്‍. രാജന്‍ ബാബു എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ ലീഗല്‍ അഡൈ്വസറാണെന്നും അദ്ദേഹം വ്യക്‌തിത്വമുള്ള നേതാവാണെന്നും ചോദ്യത്തിന്‌ ഉത്തരമായി വെള്ളാപ്പള്ളി പറഞ്ഞു. മുമ്പ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസുകാരില്‍ ചിലര്‍ രാജന്‍ ബാബുവിന്‌ ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും അദ്ദേഹം അന്തസുള്ളയാളായതിനാല്‍ അതിനു മുതിര്‍ന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി. ബീഫ്‌ ഫെസ്‌റ്റിവല്‍ നടത്തുന്നവര്‍ മലപ്പുറത്തു പന്നി ഫെസ്‌റ്റ്‌ നടത്തുമോയെന്നും താന്‍ ബീഫ്‌ കഴിക്കുമെന്നും ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.