#Film_News: സലീം അഹമ്മദിന്റെ പത്തേമാരിക്ക് ഓസ്‌കര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്

ഇന്ത്യയില്‍ നിന്നുള്ള ഓസ്കര്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ മലയാളത്തിന് തലനാരിഴയ്ക്ക് നഷ്ടമായത് അഭിമാനമുഹൂര്‍ത്തം. അവസാനവട്ട തിരഞ്ഞെടുപ്പില്‍ മറാത്തി ചിത്രം കോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തൊട്ടുപിന്നില്‍ എത്തിയത് മലയാളത്തിന്‍റെ അഭിമാനതാരം മമ്മൂട്ടി നായകനായ സലിം അഹമ്മദ് ചിത്രം പത്തേമാരി ആയിരുന്നു.

പത്തേമാരി, മസ്സാന്‍, മാര്‍ഗരിറ്റാ വിത്ത് എ സ്ട്രോ, കാക്കമുട്ടൈ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ കോര്‍ട്ടിനൊപ്പം പരിഗണിക്കപ്പെട്ടത്. ജൂറിയുടെ പരിഗണനപ്പട്ടികയില്‍ പത്തേമാരി മുന്‍നിരയില്‍ എത്തിയെങ്കിലും ഓസ്കറിലെ മറ്റുചില സാധ്യതകള്‍ കൂടി പരിഗണിച്ചപ്പോള്‍ കോര്‍ട്ടിന് നറുക്ക് വീഴുകയായിരുന്നുവെന്ന് ഓസ്കര്‍ എന്‍ട്രി ജൂറിയില്‍ അംഗമായിരുന്ന പ്രശസ്ത സംവിധായകന്‍ കെ മധു പറഞ്ഞു.

 ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ പത്തേമാരി സബ്ടൈറ്റിലോടെയാണ് പ്രദര്‍ശിപ്പിച്ചതെങ്കിലും ചിത്രത്തിന്‍റെ ആസ്വാദനതലം അതിലും ഏറെയായിരുന്നു. ജൂറിയിലെ എല്ലാ അംഗങ്ങളും നിറഞ്ഞ മനസ്സോടെയാണ് പത്തേമാരി ആസ്വദിച്ചതെന്നും കെ. മധു പറഞ്ഞു. ഇന്ത്യയില്‍ നിന്നും പരിഗണിച്ച 31 മികച്ച സിനിമകളില്‍ നിന്നാണ് ആദ്യത്തെ അഞ്ചു ചിത്രങ്ങളിലൊന്നായി പത്തേമാരി എത്തിയത് എന്നത് തന്നെ മലയാളത്തിന് അഭിമാനകരമാണെന്നും കെ. മധു പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തില്‍പോലും ജൂറിയില്‍ എതിരഭിപ്രായങ്ങളുണ്ടായില്ല. സിനിമയെപ്പറ്റി വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളാണ് ജൂറി അധ്യക്ഷനായ നടനും സംവിധായകനുമായ അമോല്‍ പലേക്കറെന്നും കെ മധു അഭിപ്രായപ്പെട്ടു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു,സംവിധായകന്‍ ഡോ.ബിജു എന്നിവരാണ് ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി പ്രമേയമാക്കുന്നത് മലയാളിയുടെ പ്രവാസ ജീവിതമാണ്. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം അഹമ്മദ് തന്നെയാണ്. മമ്മൂട്ടിയും സലിമും കൂട്ടുചേരുന്ന രണ്ടാമത്തെ ചിത്രമാണിത്.

മധു അമ്പാട്ടാണ് പത്തേമാരിയുടെയും ഛായാഗ്രാഹകന്‍. ശബ്ദസംവിധാനം ചെയ്യുന്നത് റസൂല്‍ പൂക്കുട്ടി. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ സംഗീതമൊരുക്കുന്നു. പ്രമുഖ താരങ്ങളോടൊപ്പം പ്രവാസ ലോകത്തെ കലാകാരന്മാരും വേഷമിടുന്നു.

© 2024 Live Kerala News. All Rights Reserved.