മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമില്ല. മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയും പരിഗണിക്കില്ല. അടുത്തവര്‍ഷം മുതല്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രമേ അഡ്മിഷന്‍ കൊടുക്കാന്‍ പാടുള്ളുവെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവേശന പരീക്ഷകളിലെ വ്യാപകമായ ക്രമക്കേടുകളും ദുരുപയോഗവും പരിഗണിച്ചാണ് നടപടികള്‍. ഇന്നലെ ഏറെ വൈകി അവസാനിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

സംവരണ സീറ്റുകള്‍ സംബന്ധിച്ച് ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഈ തീരുമാനം ബാധകമാണ്.

© 2024 Live Kerala News. All Rights Reserved.