Breaking_News: സിപിഐ(എം) നേതൃത്വത്തെ വെട്ടിലാക്കി വ്യാഴാഴ്ച നരേന്ദ്രമോദി-വെള്ളാപ്പള്ളി കൂടിക്കാഴ്ച

കോഴിക്കോട്: വ്യാഴാഴ്ച ദില്ലിയില്‍ നടക്കുന്ന വെള്ളാപ്പള്ളി-മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ധര്‍മ്മ ജന സേന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ന് വെള്ളാപ്പള്ളിയും തുഷാറും ദില്ലിയിലേക്ക് തിരിക്കും.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം അന്തരിച്ചതിനാല്‍ കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ വെള്ളാപ്പള്ളിയ്ക്ക് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും അശോക് സിംഗാളും വെള്ളാപ്പള്ളിയുമായി നടത്തിയ ചര്‍ച്ചയിലാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.

കൊല്ലത്ത് സ്ഥാപിക്കുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിന് പ്രധാനമന്ത്രിയെ കൊണ്ടുവരാനും വെള്ളാപ്പള്ളി ലക്ഷ്യമിടുന്നുണ്ട്.

എസ്.എന്‍.ഡി.പി യുമായി സഹകരിക്കാമെന്ന് സിപിഎം പിബി നിലപാടിന് തൊട്ടു പിന്നാലെയാണ് വെള്ളാപ്പള്ളി മോദി കൂടിക്കാഴ്ചയെന്നത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കുകയാണ്. എസ്.എന്‍.ഡി.പിയുമായി സഹകരിക്കാമെന്ന നിലപാട് എടുത്തുചാട്ടമായിപ്പോയെന്നാണ് സിപിഎമ്മിന്റെ ഇപ്പോളത്തെ നിലപാട്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ജാഥ ഡിസംബറില്‍ അവസാനിക്കുമ്പോള്‍ പുതിയ പാര്‍ട്ടിയായ ധര്‍മ്മ ജന സേന പ്രഖ്യാപനം നടത്താനാണ് എസ്.എന്‍.ഡി.പി ലക്ഷ്യമിടുന്നത്.

© 2024 Live Kerala News. All Rights Reserved.