മോദിയെ താരത്തെ പോലെ അമേരിക്ക സ്വീകരിച്ചു.. നവാസ് ഷെരീഫിനെ അവഗണിച്ചു: പാക്കിസ്ഥാന്‍ പത്രം

ഇസ്ളാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ ലഭിച്ച വൻ സ്വീകരണത്തെ വിമർശിച്ച് പാകിസ്ഥാൻ പത്രം രംഗത്ത്. മോദിയെ താരത്തെപ്പോലെ സ്വീകരിച്ചപ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ തീർത്തും അവഗണിച്ചുവെന്നും ദ നേഷൻ പത്രം തങ്ങളുടെ മുഖപ്രസംഗത്തിൽ എഴുതി. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു മോദിയും ഷെരീഫും അമേരിക്കയിലെത്തിയത്.

ന്യൂയോർക്കിൽ മോദിക്ക് പലയിടങ്ങളിലായി വേദി ലഭിച്ചപ്പോൾ ഷെരീഫിന് ലഭിച്ചത് യു.എന്നിന്റെ വേദി മാത്രമാണ്. ഗുഗിൾ, ഫേസ്ബുക്ക് അടക്കമുള്ള വേദികളിൽ മോദി മോടിയോടെ തന്നെ തിളങ്ങി. അമേരിക്കയിലെ ഇന്ത്യൻസമൂഹത്തോടെ സംവദിക്കുന്നതിന് മോദി പ്രാമുഖ്യം നൽകിയപ്പോൾ, നവാസ് ഷെരീഫാകട്ടെ അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയോട്, പാകിസ്ഥാന്റെ രാഷ്ട്രഭാഷയായ ഉറുദ്ദുവിൽ സംസാരിക്കുന്നത് സംബന്ധിച്ച ആലോചനയിലായിരുന്നു. പടിഞ്ഞാറൻ മേഖലയ്ക്കായി പുതിയ കാര്യങ്ങൾ ഒന്നും തന്നെ പാകിസ്ഥാന് മുന്നോട്ട് വയ്ക്കാനായില്ലെന്നും പത്രം പറയുന്നു.

ജനങ്ങളെ കൈയിലെടുക്കാനുള്ള മോദിയുടെ പൊടിക്കൈകളും പ്രവർത്തന രീതികളും പാകിസ്ഥാൻ നിർബന്ധമായും മനസിലാക്കാൻ ശ്രമിക്കണമെന്നും പത്രം പറയുന്നു. അസാധാരണമായ ടൈമിംഗുള്ള വ്യക്തിയാണ് മോദി. ശത്രുക്കളെ പോലും സാമർത്ഥ്യത്തോടെ കൈയിലെടുക്കും. പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്ന ശക്തമായ ആവശ്യവും പത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.