#ModiInUSA : ഭീകരവാദത്തെ മതത്തില്‍ നിന്ന് വേര്‍തിരിച്ച് കാണണമെന്ന് നരേന്ദ്രമോദി

ന്യൂയോർക്ക്: ഭീകരവാദത്തെ മതത്തിൽ നിന്ന് വേർപെടുത്തിക്കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐസിസ് അന്താരാഷ്ട്ര സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണെന്നും മോദി പറഞ്ഞു. ജോർദാൻ ഭരണാധികാരി അബ്ദുള്ള രാജാവുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

യുവാക്കളെ ഭീകരവാദത്തിലേക്ക് തിരിയുന്നതിൽ നിന്ന് തടയേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്‌തതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ആഗോളഭീകരവാദം സംബന്ധിച്ച് അന്താരാഷ്ട്ര കൺവെൻഷൻ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും യു.എൻ രക്ഷാസമിതി വിപുലീകരണം സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി.

ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തിന് രക്ഷാസമിതി സ്ഥിരാംഗത്വം ഇതുവരെ ലഭിക്കാത്തത് നിർഭാഗ്യകരമാണെന്നും മോദി പറഞ്ഞു. സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തെ ജോർദാൻ പിന്തുണക്കുന്നതായി അബ്ദുള്ള രാജാവ് വ്യക്തമാക്കി. ഇറാഖിലും സിറിയയിലും കുടുങ്ങിയ ഇന്ത്യക്കാർക്ക് ജോർദാൻ നൽകിയ പിന്തുണക്കും സഹായത്തിനും മോദി നന്ദി പറഞ്ഞു. ഇന്ത്യയെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമായിട്ടാണ് കാണുന്നതെന്നും ഇന്ത്യയുമായുള്ള സാമ്പത്തിക – സുരക്ഷാ സഹകരണം ശക്തമാക്കാൻ താൽപര്യപ്പെടുന്നതായും ജോർദാൻ രാജാവ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.