മോദിയുടെ ഗുരു സ്വാമി ദയാനന്ദ സരസ്വതി ഋഷികേശില്‍ അന്തരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവും വേദാന്തപണ്ഡിതനും ആർഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി (85) അന്തരിച്ചു. ഋഷികേശിലെ ചിന്മയ ആശ്രമത്തിൽ ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി വൃക്കരോഗബാധിയെ തുടർന്ന് ചികിത്സയിലായിരുന്നു.

1930 ആഗസ്ത് 15ന് തമിഴ്‌നാട്ടിലെ കുംഭകോണത്തിലുള്ള മഞ്ചക്കുടി എന്ന അഗ്രഹാരത്തിലാണ് അദ്ദേഹം ജനിച്ചത്. നടരാജൻ എന്നായിരുന്നു പൂർവനാമം. 1962ൽ ചിന്മയാനന്ദ സ്വാമിയിൽനിന്ന് സന്ന്യാസം സ്വീകരിച്ച അദ്ദേഹം പിന്നീട് സ്വാമി ദയാനന്ദ സരസ്വതി എന്ന പേര് സ്വീകരിച്ചു. ബ്രഹ്മസൂത്രം, ന്യായശാസ്ത്രം, പാണിനീയ വ്യാകരണം എന്നീ വിഷയങ്ങളിൽ അഗാധ പണ്ഡിതനായ അദ്ദേഹം ചിന്മയാനന്ദ സ്വാമിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോൾ ‘ചിന്മയ സാന്ദീപനിയുടെ’ ആചാര്യസ്ഥാനം ഏറ്റെടുത്തു. അമേരിക്കയിലെ സൈലോസ് ബർഗിലും ഋഷികേശിലും ആനക്കട്ടിയിലും വേദാന്തപഠനത്തിനുള്ള ആർഷവിദ്യാഗുരുകുലങ്ങളും അദ്ദേഹം സ്ഥാപിച്ചു.

സെപ്തംബർ 11ന് ആശ്രമത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അസുഖബാധിതനായ ദയാനന്ദ സരസ്വതിയെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് മോദി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു. തന്റെ ചിന്തകളെല്ലാം ദയാനന്ദ സരസ്വതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയായിരുന്നെന്നും അദ്ദേഹം അറിവിന്റേയും ആത്മീയതയുടേയും സേവനത്തിന്റേയും കേന്ദ്രമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.