സിസ്റ്റര്‍ അമലെ കൊലപ്പെടുത്തിയത് കാസര്‍ക്കോട് സ്വദേശി

പാലാ: ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തിയതും സതീഷ് ബാബു തന്നെയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഉറ്റസഹായിയെയും ബന്ധുവിനെയും ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സതീഷ് ബാബുവിനായി പൊലീസ് അന്വേഷണം വ്യാപകമാക്കി.

സതീഷ് ബാബു ഏറ്റവും അവസാനം ഫോണില്‍ സംസാരിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഒന്നരയാഴ്ചയായി സതീഷ് ബാബു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് കൊലപാതകം നടന്ന് ഏഴു ദിവസമായിട്ടും പ്രതിയെ പിടിക്കാത്തതിന് പൊലീസ് കാരണം പറയുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ തിരച്ചില്‍ നടത്തുകയാണ്.
രാവിലെ മുതല്‍ മദ്യപിക്കുന്ന ശീലമാണ് പ്രതിക്കെന്നു പൊലീസ് പറയുന്നു. കൂലിത്തല്ലും മോഷണവുമാണ് പ്രധാനതൊഴില്‍. കോണ്‍വെന്റുകള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ കൂടുതലും. ഇതേ കോണ്‍വെന്റില്‍ നേരത്തേ കന്യാസ്ത്രീയെ ആക്രമിച്ചതും സതീഷ്ബാബു തന്നെ. രണ്ടാം ദിവസം തന്നെ പ്രതി വലയിലായെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഒളിവില്‍പോയി. എറണാകുളം നഗരത്തില്‍ ഒളിവിലാണെന്ന സൂചനകളാണുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 150 പേരെ ചോദ്യം ചെയ്തിരുന്നു.

© 2023 Live Kerala News. All Rights Reserved.