റാണി മുഖര്‍ജി ഗര്‍ഭിണിയാണ്…ചിത്രങ്ങള്‍ പുറത്ത്

റാണി മുഖര്‍ജി ഗര്‍ഭിണിയാണ്. പക്ഷേ ഇത് സിനിമയിലല്ല. ജീവിതത്തിലാണ്. ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ നേരത്തെ ഒരു സംശയം മാത്രമായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ പുറത്തായതോടെ ആരാധകരുടെ സംശങ്ങളും മാറി.ജൂലൈ അവസാന ആഴ്ചയ്ക്കു ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജിയെ അധികമാരും കണ്ടിട്ടില്ല. പൊതുപരിപാടികളില്‍ നിന്നുപോലും ഈ താരസുന്ദരി പൂര്‍ണമായും ഒഴിവായി. എവിടെപ്പോയെന്നു ചോദിച്ചാല്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമുള്‍പ്പെടെ കൈമലര്‍ത്തും. വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആരും തയ്യാറായതുമില്ല.

എന്നാല്‍ റാണി മുഖര്‍ജി നിറവയറുമായി കാറിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പുറത്തായി കഴിഞ്ഞു. ഒരു ഹോട്ടലില്‍ നിന്ന് മടങ്ങവെ ആരാധകരിലാരോ പകര്‍ത്തിയ റാണി മുഖര്‍ജിയുടെ ചിത്രങ്ങളാണ് വൈറലായത്.

നേരത്തെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ റാണിയുടെ സഹോദരഭാര്യയും ടിവി താരവുമായ ജ്യോതി മുഖര്‍ജി തന്നെ രംഗത്തെത്തിയിരുന്നു. ‘റാണി ഗര്‍ഭിണിയാണെന്ന കാര്യം സത്യമാണ്. അടുത്തവര്‍ഷം ജനുവരിയില്‍ റാണി–ആദിത്യ ദമ്പതിമാരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി പിറന്നുവീഴും. പ്രസവത്തിനു മുന്നോടിയായുള്ള ശുശ്രൂഷകളും മറ്റുമായി ഇരുവരും ലണ്ടനിലായിരുന്നു. കഴിഞ്ഞയാഴ്ച തിരിച്ചെത്തിയെങ്കിലും പെട്ടെന്നുതന്നെ വീണ്ടും യാത്ര പോയി. അതുപക്ഷേ എങ്ങോട്ടേക്കാണെന്ന് ആര്‍ക്കും അറിയില്ല.’ ജ്യോതി പറഞ്ഞു.

ദീര്‍ഘകാല സൗഹൃദത്തിനു ശേഷം 2014 ഏപ്രിലില്‍ ഇറ്റലിയില്‍ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങിലാണ് ആദിത്യയും റാണിയും വിവാഹിതരായത്. അതിനുശേഷം ആ വര്‍ഷംതന്നെ ഓഗസ്റ്റില്‍ ‘മര്‍ദാനി’ എന്ന ചിത്രത്തില്‍ ശക്തമായ പൊലീസ് കഥാപാത്രത്തെയും അവതരിപ്പിച്ചു റാണി. പക്ഷേ ചിത്രം വിചാരിച്ചത്ര വിജയിച്ചില്ല. തുടര്‍ന്ന് ചലച്ചിത്രമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇവര്‍.

മുപ്പത്തിയേഴാം വയസില്‍ കോളജ് കുമാരിയായി വേഷം കെട്ടാന്‍ താല്‍പര്യമില്ലെന്നും തനിക്കു യോജിച്ച റോളുകളുണ്ടെങ്കില്‍ മാത്രമേ ഇനി അഭിനയിക്കാനുള്ളൂവെങ്കിലും റാണി വ്യക്തമാക്കിയിരുന്നു. അതിനിടെ ആദിത്യയുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്താനാണ് ശ്രമമെന്നും വാര്‍ത്ത വന്നു. പക്ഷേ പൂര്‍ണമായും വീട്ടുകാര്യങ്ങള്‍ നോക്കി ജീവിക്കാനാണ് റാണി ഇഷ്ടപ്പെടുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. നിലവില്‍ പുതിയ സിനിമകള്‍ക്കൊന്നും ഡേറ്റ് കൊടുത്തിട്ടുമില്ല. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ താന്‍ സിനിമാസെറ്റിലേക്ക് വരുമ്പോള്‍ ഒപ്പം ചില സുന്ദരിക്കുട്ടികളെയും പ്രതീക്ഷിക്കാമെന്ന സൂചനയും റാണി നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത.

© 2024 Live Kerala News. All Rights Reserved.