കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി: ടോമിന്‍ ജെ.തച്ചങ്കരിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമനം

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമനം . ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തച്ചങ്കരിക്ക് പകരം എസ്.രത്‌നകുമാര്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖ മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിക്കുന്ന ഒഴിവിലാണ് തച്ചങ്കരിക്ക് നിയമനം. തച്ചങ്കരിക്ക് പകരം എസ്.രത്കുമാരന്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാകും. നിലവില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം.ഡിയാണ് എസ്.രത്‌നകുമാര്‍. പുതിയ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം.ഡിയായി ഐ.ജി ഗോപിനാഥിനേയും നിയമിച്ചു.

കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനമെടുക്കുന്നതിന് മുമ്പ് തച്ചങ്കരിയെ മാറ്റാന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും രണ്ട് തട്ടിലായിരുന്നു.താനറിയാതെ ഇക്കാര്യം മന്ത്രിസഭയുടെ തീരുമാനമായി വന്നതില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അതൃപ്തിയറിയിച്ചു. എന്നാല്‍, മാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്നുമായിരുന്നു മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞത്.

മന്ത്രിസഭയിലെ തര്‍ക്കം പുറത്തേക്കുവന്നതോടെ തല്‍ക്കാലം തച്ചങ്കരിയെ മാറ്റേണ്ടെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നും തീരുമാനിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.