ഷീന ബോറ കൊലക്കേസ്: അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുംബൈ കമ്മിഷണറെ മാറ്റി

മുംബൈ :പൊലീസ് കമ്മിഷണര്‍ രാകേഷ് മരിയയെ തല്‍സ്ഥാനത്തു നിന്നു നീക്കി. മഹാരാഷ്ട്ര ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കിയാണ് അന്വേഷണ സംഘത്തില്‍ നിന്നു മാറ്റിയത്. അഹമ്മദ് ജാവേദ് മുംബൈ പൊലീസ് കമ്മിഷണറായി ചുമതലയേറ്റു.

അന്‍പത്തിയെട്ടുകാരനായ മരിയ നേരിട്ടാണ് ഷീന ബോറ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. ഷീനയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്തത് മരിയയായിരുന്നു. കൂടാതെ, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ഇവര്‍ക്കൊപ്പം നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജി തുടങ്ങിയവരെ ചോദ്യം ചെയ്തതും മരിയയുടെ മേല്‍നോട്ടത്തിലാണ്.

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോടു പങ്കുവച്ചതും മരിയയായിരുന്നു. മുംബൈ പൊലീസ് കമ്മിഷണറായതിനു ശേഷം അദ്ദേഹം ഒരു അഭിമുഖം പോലും മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നില്ല. കൂടാതെ, കേസന്വേഷണത്തില്‍ തനിക്കു വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് പങ്കെടുപ്പിച്ചത്. കൊലപാതകത്തെക്കുറിച്ച് തുമ്പ് കിട്ടിയപ്പോള്‍ തന്നെ അന്വേഷണ സംഘാംഗങ്ങളെ ഏകോപിപ്പിക്കുകയും ആവശ്യമായ സ്ഥാനചലനങ്ങള്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തിരുന്നു.

മുംബൈ ഭീകരാക്രമണ കേസ് അന്വേഷിച്ചതുപോലെ വിശ്വസ്ത സംഘമായ ദത്താത്രേയ ഭാര്‍ഗുഡെ, ദിനേശ് കദം, സഞ്ജയ് കദം എന്നീ ഉദ്യോഗസ്ഥരെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. ഷീനയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് സ്റ്റേഷനിലേക്ക് ദിനേശ് കദത്തെ തുമ്പ് കിട്ടിയ ഉടന്‍ തന്നെ മരിയ മാറ്റുകയായിരുന്നെന്നാണ് സൂചനകള്‍.

എന്നാല്‍ ഗണേശോല്‍സവം, ഈദുല്‍ ഫിത്തര്‍, നവരാത്രി ആഘോഷങ്ങള്‍ വരുന്നതിനാലാണ് അഹമ്മദ് ജാവേദിനെ മുംബൈ പൊലീസ് കമ്മിഷണറാക്കിയതെന്ന് ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു. സെപ്റ്റംബര്‍ 30നായിരുന്നു മരിയയുടെ സ്ഥാനക്കയറ്റം വരേണ്ടത്. എന്നാല്‍ ആഘോഷ അവസരങ്ങള്‍ക്കു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏറ്റെടുക്കാനുള്ള സാവകാശത്തിനു വേണ്ടിയാണ് സ്ഥലംമാറ്റം പെട്ടെന്നു നടപ്പാക്കിയതെന്നാണ് വിശദീകരണം. ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് മുംബൈ പൊലീസ് കമ്മിഷണര്‍ക്കുള്ളത്.

© 2024 Live Kerala News. All Rights Reserved.