ഇടുക്കി ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷം

മൂന്നാര്‍:തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടുക്കി ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷം. കുമളിയില്‍ പത്രവിതരണ വാഹനം ഹര്‍ത്താനുകൂലികള്‍ തടഞ്ഞു. ജില്ലയില്‍ പലയിടങ്ങളിലും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും തടയുന്നുണ്ട്. അക്രമം നടത്തിയ 19 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തോട്ടം തൊഴിലാളികളുടെ ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യത്തിനു പുറമെ ബോണസ് വെട്ടികുറയ്ക്കാന്‍ മറ്റു ട്രേഡ് യൂണിയനുകള്‍ കൂട്ടു നിന്നുവെന്നും ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം മൂന്നാറില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം, മൂന്നാറില്‍ എസ്റ്റേറ്റ് മേഖലകളില്‍ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. ബോണസ് തുകയും ശമ്പളവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ ഔട്ട് ലെറ്റും ട്രേഡ് യൂണിയന്‍ ഓഫിസുകളും ഉപരോധിച്ചു.

മൂന്നാറിലെ തേയിലതോട്ടം തൊഴിലാളികള്‍ക്ക് ഇത്തവണ പത്തുശതമാനം മാത്രമാണ് കെഡിഎച്ച് പി കന്പനി ബോണസ് അനുവദിച്ചത്. പോയവര്‍ഷം വരെ 17ശതമാനം വരെ ബോണസ് നല്‍കിയിരുന്ന സ്ഥാനത്താണ് പുതിയ തീരുമാനം. ഇതാണ് തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ കാരണം. ബോണസും ശമ്പളവും വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നിരത്തിലിറങ്ങി. മൂന്നാറിലെ ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയന്‍ ഓഫിസുകള്‍ ഉപരോധിച്ച തൊഴിലാളികള്‍ കണ്ണന്‍ ദേവന്‍ ഔട്ട്‌ലെറ്റിനു മുന്നില്‍ കുത്തിയിരുന്നു. ഇതോടെ കൊച്ചി മധുര ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ചുമണിയോടെ ഇടുക്കി ഡപ്യൂട്ടി കലക്ടര്‍ പി. രാജീവ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എസ്റ്റേറ്റ് ഉടമകളുമായി ഒത്തുകളിച്ചതിന്റെ ഭാഗമാണ് ബോണസ് വെട്ടികുറച്ചതെന്നാണ് തൊഴിലാളികളുടെ ആരോപണം. യൂണിയന്‍ പ്രതിനിധികളെയും ജനപ്രതിനിധികളെയും പാടേ ഒഴിവാക്കിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധ സമരം. തേയിലയുടെ വിലയിടിവ് കമ്പനിയെ മുമ്പെങ്ങും ഇല്ലാത്തവിധം നഷ്ടത്തിലാക്കിയെന്നും അതുകൊണ്ടാണ് ബോണസ് വെട്ടിച്ചുരുക്കിയതെന്നാണ് കെഡിഎച്ച്പി അധികൃതരുടെ വിശദീകരണം.

photo curtesy: ARAVIND BALA

© 2024 Live Kerala News. All Rights Reserved.