സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

 

കൊച്ചി: തദ്ദേശ സ്വയഭരണ തിരഞ്ഞടുപ്പ് നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് ഒരു ഘട്ടമായോ രണ്ട് ഘട്ടമായോ നടത്തേണ്ടതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടപെടാനാകില്ല. പ്രത്യേക നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 2010ലേതിനു സമാനസാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്ന് തിരഞ്ഞെടുപ്പ് നീട്ടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇക്കാര്യങ്ങളിലേക്കൊന്നും കടന്നില്ല.

ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും പിന്തുണച്ചു. പുതിയതായി രൂപീകരിച്ച 28 നഗരസഭകള്‍ക്കും കണ്ണൂര്‍ കോര്‍പ്പറേഷനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകാരം നല്‍കിയിട്ടുണ്ട്.

പുതിയ നഗരസഭകളുടെ രൂപീകരണത്തെ തുടര്‍ന്ന് ആറു ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും പുനഃസംഘടിപ്പിക്കണം. ഈ സാഹചര്യത്തില്‍ ഒറ്റഘട്ടമായി ഒക്ടോബര്‍ 31ന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക അസാധ്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.