കാലിഫോര്‍ണിയയിലും മോദി തരംഗം…പ്രധാനമന്ത്രിയുടെ സിലിക്കണ്‍ വാലി പ്രസംഗം കേള്‍ക്കാനായുള്ള രജിസ്‌ട്രേഷന്‍ 45,000 കടന്നു..

വാഷിംഗ്ടണ്‍: ഐടി സാങ്കേതിക വിദ്യയുടെ ആധികാരിക വാക്കായ സിലിക്കണ്‍ വാലിയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 45,000 പേര്‍. സാന്‍ ജോസിലെ എസ്എപി അരീനയില്‍ മോദിയുടെ പ്രസംഗം തത്സമയം ശ്രവിക്കാന്‍ 18,500 പേര്‍ക്കാണ് അവസരം ലഭിക്കുക. അപേക്ഷിച്ചവരില്‍നിന്നു ഭാഗ്യവന്മാരായവരെ ഉടന്‍ തെരഞ്ഞെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഈ മാസം 27നാണ് മോദി സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്നത്. വെസ്റ്റ് കോസ്റ്റ് ഇന്‍ഡോ-അമേരിക്കന്‍ കമ്മ്യൂണിറ്റി (ഐഎസിഡബ്ല്യുസി)എന്ന സംഘടനകളുടെ ഒരുമയാണ് മോദി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറിലും യുഎഇയിലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മോദി നടത്തിയ പ്രസംഗം കേള്‍ക്കാന്‍ ലക്ഷങ്ങള്‍ എത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗത്തിനു ശേഷമാണ് കാലിഫോര്‍ണിയയില്‍ മോദിയുടെ പ്രസംഗം നടക്കുക. സാഞ്ചോസിലെ എസ്എപി അരേനയിലെ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ അമേരിക്കയിലെ പ്രമുഖ ഉദ്യോഗസ്ഥരും വമ്പന്‍ സാങ്കേതിക സ്ഥാപനങ്ങളുടെ മേധാവികളും ഉണ്ടാകും. കാലിഫോര്‍ണിയ 33 വര്‍ഷത്തിനു ശേഷം സന്ദര്‍ശിക്കുന്ന ഭാരതപ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദി. ഈ സന്ദര്‍ശനത്തില്‍ ഒട്ടേറെ പ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാകും. ബിസിനസ്-സാങ്കേതിക ഇടപാടുകള്‍ക്കുള്ള തീരുമാനങ്ങള്‍ വരും. സിലിക്കണ്‍ വാലിയുടെ വികസനത്തിന് ഭാരതത്തിന്റെ പങ്കാളിത്തവും സംഭാവനയും, മോദിയുടെ ഉജ്ജ്വല നേതൃത്വത്തില്‍ അതു വളര്‍ച്ച പ്രാപിക്കാനുള്ള സാധ്യതകളും ചര്‍ച്ചയ്ക്കു വരും.

© 2024 Live Kerala News. All Rights Reserved.