പുതുച്ചേരി ലഫ്. ഗവര്‍ണര്‍ക്കു സുരക്ഷ ഒരുക്കുന്നതില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ പാളിച്ച

മലപ്പുറം: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ എ.കെ. സിങ്ങിനു സുരക്ഷയൊരുക്കുന്നതില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ പാളിച്ച. ഗവര്‍ണറെ സ്വീകരിക്കാന്‍ ക്രമീകരിക്കേണ്ട പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടു. ഇന്നു രാവിലെ ഏഴേകാലിനാണു സംഭവം. വിമാനമിറങ്ങിയ ഗവര്‍ണര്‍ ആഭ്യന്തര ടെര്‍മിനലിലേക്ക് എത്തിയതു മറ്റു യാത്രക്കാര്‍ക്കൊപ്പം സര്‍വീസ് ബസ്സിലാണ്. വിമാനത്താവളത്തിലെ ജീവനക്കാരും സിഐഎസ്ഫും തമ്മിലുള്ള തര്‍ക്കം സുരക്ഷാ പാളിച്ചയ്ക്കു പിന്നിലുണ്ടെന്നു സൂചന.

ചെന്നൈയില്‍നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തിലാണു ഗവര്‍ണര്‍ കരിപ്പൂരിലിറങ്ങിയത്. ഗവര്‍ണര്‍ക്കായി ഒരുക്കിയ കാര്‍, വിഐപി ഗേറ്റിലൂടെ റണ്‍വേയിലേക്കു കടക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫുകാര്‍ തടഞ്ഞു. വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ പറഞ്ഞിട്ടും സിഐഎസ്എഫുകാര്‍ വഴങ്ങിയില്ല. എന്നാല്‍, എയര്‍പോര്‍ട്ട് ഡയറക്ടറുടെ വാഹനം ഉള്ളിലേക്കു കടത്തിവിട്ട് അതില്‍ ഗവര്‍ണറെ കൊണ്ടുവരാന്‍ സിഐഎസ്എഫുകാര്‍ തയാറായി. ഗവര്‍ണറുടെ പഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, വിമാനത്തിനടുത്തെത്തിയ ഈ വാഹനത്തില്‍ അവിടെയുണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവ് കയറിപ്പോയി. ഈ സമയമത്രയും മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍നിന്നിറങ്ങി പുറത്തു നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍.

യാത്രക്കാരെ ടെര്‍മിനലിലേക്ക് എത്തിക്കാന്‍ വന്ന സര്‍വീസ് ബസ്സില്‍ കയറിയാണ് ഒടുവില്‍ ഗവര്‍ണര്‍ പുറത്തെത്തിയത്. കാത്തുനിന്ന വാഹനത്തില്‍ അദ്ദേഹം കോഴിക്കോട്ടേക്കു പോവുകയും ചെയ്തു. അദ്ദേഹത്തിനു സുരക്ഷയൊരുക്കാന്‍ കേരള പൊലീസ് സംഘം ഉള്‍പ്പെടെയുള്ളവര്‍ കാത്തുനിന്നിരുന്നെങ്കിലും സിഐഎസ്എഫുകാരുടെ ഉടക്കുമൂലം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

© 2024 Live Kerala News. All Rights Reserved.