വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആര്‍.എസ്.എസ് നിര്‍ദ്ദേശം… മോദി നാളെ ‘സമന്വയ ബൈഠക്കി’ ലെത്തും..

 കേരളത്തിലെ രാഷ്ട്രീയ  സാഹചര്യങ്ങളും ചർച്ച ചെയ്യും

ന്യൂഡൽഹി: വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി) പദ്ധതിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് ആർ.എസ്.എസ് നിർദ്ദേശം നൽകി. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും  നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച  മൂന്ന് ദിവസത്തെ   ‘സമന്വയ ബൈഠക്കി”ലാണ് നിർദ്ദേശമുണ്ടായത്.

സമ്മേളനത്തിനിടയിൽ കേന്ദ്രമന്ത്രിമാരായ മനോഹർ പരീക്ക്,  രാജനാഥ് സിംഗ്  ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, ജോയിന്റ് ജനറൽ സെക്രട്ടറിമാരായ ദത്താത്രേയ ഹോസബലെ, കൃഷ്ണ ഗോപാൽ എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സംഘ് പരിവാർ നേതാക്കൾ നിർദ്ദേശം നൽകിയത്.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ എന്നിവർക്ക് പുറമേ 15 സംഘ്‌പരിവാർ സംഘടനകളിലെ 93 പ്രതിനിധികളും ബൈഠക്കിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെ വളർച്ചയും സംസ്ഥാനത്ത് തുടരുന്ന അക്രമ സംഭവങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും സമ്മേളനം ചർച്ച ചെയ്യും. ഗുജറാത്തിലെ പട്ടേൽ  സംവരണ സമരമാണ് ചർച്ചയ്ക്കെത്തുന്ന മറ്റൊരു വിഷയം.

2011ലെ സെൻസസിൽ ഹിന്ദുക്കളുടെ ജനസംഖ്യയിൽ  ഇടിവുണ്ടായതും സമ്മേളനം ഗൗരവമായി പരിഗണിക്കുന്നുണ്ട്.  ചരിത്രത്തിലാദ്യമായി ജനസംഖ്യയിൽ ഹിന്ദുക്കൾ 80 ശതമാനത്തിന് താഴെ പോയി. അതേ സമയം  2001ൽ 13.43 ശതമാനമായിരുന്ന മുസ്ലിം ജനവിഭാഗം  14.22 ശമതാനമായി ഉയരുകയും ചെയ്തു.  ബീഹാർ തിരഞ്ഞെടുപ്പും  ചർച്ചയ്ക്കെത്തും.
സാമ്പത്തികം, സാമൂഹിക – സാംസ്കാരികം, വിദ്യാഭ്യാസം എന്നീ മൂന്ന് മേഖലകളിൽ ഊന്നി സർക്കാരിനെ  വിലയിരുത്താനാണ് സമന്വയ ബൈഠക്ക് ശ്രമിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം സമാപിക്കുന്ന നാളെ പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.