പോൾ ജോർജ് വധം: ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: യുവവ്യവസായി പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവ്. നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഒൻപതു പ്രതികൾക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. ഇവർ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു.

ഒന്നാം പ്രതി ജയചന്ദ്രൻ, കാരി സതീഷ്, സുൾഫിക്കർ, സബീർ, സത്താർ, ആറാം പ്രതി ജെ. സതീഷ് കുമാർ, ഏഴാം പ്രതി ആർ. രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.

അതേസമയം, പോള്‍ വധക്കേസിനൊപ്പം പരിഗണിച്ച ക്വട്ടേഷന്‍ കേസില്‍ 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു . പോള്‍ ജോർജ് വധക്കേസിലെ ഒന്നാം പ്രതി ജയചന്ദ്രനടക്കമുളളവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ജയചന്ദ്രന്‍റെ സംഘം ക്വട്ടേഷന്‍ ഏറ്റെടുത്ത് ആക്രമണത്തിന് പോകുംവഴിയാണ് പോള്‍ കൊല്ലപ്പെട്ടത്. ഷമീര്‍ എന്നയാളെ ആക്രമിക്കാന്‍ ആലപ്പുഴ സ്വദേശി അബിയാണ് ജയചന്ദ്രന് ക്വട്ടേഷന്‍ നല്‍കിയത്. ‌ക്വട്ടേഷൻ കേസും പോൾ വധവും രണ്ടു കേസുകളായി അന്വേഷിച്ച് വെവ്വേറെ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു.

അതേസമയം, വീട്ടിൽ അച്ഛനന്മമാർ തനിച്ചായതിനാൽ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രൻ കോടതിയിൽ അപേക്ഷ നൽകി. അച്ഛനും അമ്മയ്ക്കും ഏക ആശ്രയം താനാണെന്ന് ജയചന്ദ്രൻ കോടതിയെ അറിയിച്ചു. അമ്മ അർബുദരോഗിയായ അമ്മയടങ്ങുന്നതാണ് തന്റെ കുടുംബമെന്നും വെറുതെ വിടണമെന്നും കാരി സതീഷ് കോടതിയിൽ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.