ഇന്ന് മുതല്‍ തത്കാല്‍ ബുക്കിങ്ങിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമല്ല

കോഴിക്കോട്: ഇന്നു മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല. ബുക്കിങ് സമയത്ത് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് തന്നെ യാത്രാവേളയിലും കൈയില്‍ കരുതാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ മാസം റെയില്‍വെ ഈ തീരുമാനം കൈക്കൊണ്ടത്.

റെയില്‍വെ കൗണ്ടറുകള്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നമ്പര്‍ കാണിക്കേണ്ടതില്ല. എന്നാല്‍, യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരില്‍ ആരെങ്കിലും ഒരാള്‍ റെയില്‍വെ നിഷ്‌കര്‍ഷിക്കുന്ന പത്ത് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും കൈയില്‍ കരുതിയിരിക്കണം. ഇല്ലെങ്കില്‍ ഇവരെ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കും.

തത്കാല്‍ റിസര്‍വേഷന്‍ ആരംഭിക്കുന്നത് രാവിലെ പത്തിന് തന്നെയായിരിക്കും. തിരിച്ചറിയല്‍ രേഖകളുടെ വിശദാംശങ്ങള്‍ ഇനി മുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കാണില്ല.


തിരിച്ചറിയല്‍ രേഖകള്‍:
1. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോട്ടോ ഐഡന്‍ഡിറ്റി കാര്‍ഡ്.
2. പാസ്‌പോര്‍ട്ട്
3. ഇന്‍കംടാക്‌സ് അധികൃതര്‍ നല്‍കുന്ന പാന്‍ കാര്‍ഡ്
4. ഡ്രൈവിങ് ലൈസന്‍സ്
5. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സീരിയല്‍ നമ്പറോടു കൂടിയ ഫോട്ടോ ഐഡന്‍ഡിറ്റി കാര്‍ഡ്
6. വിദ്യാര്‍ഥികള്‍ക്ക് അംഗീകൃത സ്‌കൂളുകളോ കോളേജുകളോ നല്‍കിയ സ്റ്റുഡന്‍റ്റ് ഐഡന്‍ഡിറ്റി കാര്‍ഡ്.
7. ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോയോട് കൂടിയ പാസ്ബുക്ക്
8. ഫോട്ടോയോടു കൂടിയ ലാമിനേറ്റഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
9. ആധാര്‍കാര്‍ഡ്
10. കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന ഫോട്ടോ അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ്.

© 2024 Live Kerala News. All Rights Reserved.