ബിജെപി പ്രവര്‍ത്തകന്റെ കൊല: മൂന്ന് സിപിഎമ്മുകാര്‍ അറസ്റ്റില്‍

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് ബിജെപി ബൂത്ത് സെക്രട്ടറി അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎമ്മുകാരെ പോലീസ് അറസ്റ്റു ചെയ്തു.  വാസുപുരം സ്വദേശികളായ രാജന, ശിവദാസന്‍, ഡെന്നിസ് എന്നിവരാണ് അറസ്റ്റിലായത്. രാജനെ വാസുപുരത്ത് നിന്നും മറ്റു രണ്ടുപേരെ കല്ലേറ്റുംകരയില്‍ നിന്നാണ് പിടികൂടിയത്. തിരുവോണ ദിവസം വൈകിട്ട് നാലു മണിക്കാണ് സംഭവം. ഓട്ടോറിക്ഷാഡ്രൈവറും ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയന്‍ ഭാരവാഹിയുമായിരുന്ന  അഭിലാഷിനെ ഒരു സംഘം വെട്ടിയത്.  ഉത്രാട ദിവസം രാത്രി 8 മണിയോടെ പാര്‍ട്ടി ക്രിമിനലുകള്‍ സംഘം ചേര്‍ന്ന് അഭിലാഷിന്റെ സുഹൃത്ത് സജീഷിനെ വെട്ടിയിരുന്നു. തലക്ക് വടികൊണ്ടുള്ള അടിയേറ്റ ഇയാള്‍ ചികിത്സയിലാണ്. തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെ അഭിലാഷിനെ തലേ ദിവസം നടന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന ഫോണ്‍ ചെയ്തു വരുത്തി ആസുത്രിതമായി ആക്രമിക്കുകയായിരുന്നു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പ്രദേശത്തെ സ്ഥിരം ക്രിമിനലായ ചെറുപറമ്പില്‍ കൊച്ചുപൈലന്‍ മകന്‍ സാന്റപ്പന്റെ നേതൃത്വത്തിലുള്ള സംഘം വാസുപുരം കൊതേംഗലത്ത് കാരണവര്‍ ക്ഷേത്രത്തിനു മുന്‍പില്‍വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന അഭിലാഷിനെ ആശുപത്രിയിലെത്തിക്കാന്‍ കുറെ സമയത്തേക്ക് അക്രമികള്‍ സമ്മതിച്ചില്ല. അര മണിക്കൂറിനു ശേഷം ഇവര്‍ പിന്‍വാങ്ങിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. അഭിലാഷിനെ വെട്ടിയ സാന്റപ്പനെയും സംഘത്തിലെ മറ്റൊരു കൂട്ടാളിയായ കിഴക്കെപ്പുരക്കല്‍ ശിവന്‍ മകന്‍ ജിത്തുവിനേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കനകമലയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. കാല്‍പത്തിയും കയ്യും അറ്റുപോകാറായ നിലയില്‍ റോഡില്‍ ചോര വാര്‍ന്നു കിടന്ന അഭിലാഷിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

© 2024 Live Kerala News. All Rights Reserved.