കോഴിക്കോട് അഴിഞ്ഞിലത്ത് വാഹനാപകടം: മൂന്നു ശബരിമല തീർഥാടകർ മരിച്ചു

കോഴിക്കോട്∙ ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശികളുടെ കാറും ടെംപോ ട്രാവലറുമായി ദേശീയ പാത ബൈപ്പാസിൽ അഴിഞ്ഞില്ലത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചവർ മൂന്നു പേരും കർണാടകയിലെ ഭഗൽകോട്ട് സ്വദേശികളാണ്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ടുപേരെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെംപോ ട്രാവലറിൽ ഉണ്ടായിരുന്ന 12 പേരെ പരുക്കുകളോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയായിരുന്നു അപകടം.

ഭാഗൽകോട്ട് നവനഗർ സ്വദേശികളായ അഞ്ചുപേരാണ് അപകടത്തിൽപെട്ട കാറിലുണ്ടായിരുന്നത്. വിനോദ്, രമേശ്, ഡ്രൈവർ സച്ചിൻ എന്നിവരാണ് മരിച്ചത്. രംഗനാഥ് (34), രാഹുൽ എന്ന വിജയ് (23) എന്നിവർ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ. പുലർച്ചെ 2.30ന് അഴിഞ്ഞില്ലം സ്പൈസി ഹോട്ടലിനു സമീപമായിരുന്നു അപകടം.

ഭക്ഷണം കഴിക്കാനായി ഹോട്ടലിനുനേരെ തിരിഞ്ഞപ്പോൾ എതിർദിശയിൽവന്ന വാൻ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാലു സുഹൃത്തുക്കൾ ഡ്രൈവർ സച്ചിനൊപ്പം വ്യാഴാഴ്ചയാണ് ശബരിമലയിലെത്തിയത്. മടങ്ങുംവഴിയാണ് അപകടം. ഡ്രൈവർ സച്ചിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ ഇന്നുതന്നെ കോഴിക്കോട്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും വാഴക്കാട് പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.