#Good_News: ജി സാറ്റ്- 6 ഭ്രമണപഥത്തിൽ …

ശ്രീഹരിക്കോട്ട: സംപ്രേഷണ മേഖലയിൽ രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ  ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് – 6 വിജയകരമായി വിക്ഷേപിച്ചു. ഇരുപത്തി ഒൻപത് മണിക്കൂർ നീണ്ട കൗണ്ട് ഡൗണിനൊടുവിൽ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 4:52നായിരുന്നു വിക്ഷേപണം. വിക്ഷേപണം നടന്ന് പതിനേഴ് മിനിട്ടിന് ശേഷം ജി. എസ്. എൽ. വി ഡി – 6 റോക്കറ്റ് ഉപഗ്രഹത്തെ ഭൂഭ്രമണ താൽക്കാലിക സഞ്ചാരപഥത്തിൽ പ്രതിഷ്ഠിച്ചു.  പിന്നീട് ഹാസനിലെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി നിയന്ത്രണം ഏറ്റെടുത്ത് ഉപഗ്രഹത്തിലെ ദ്രവ അപ്പോജീ മോട്ടോറുകൾ ജ്വലിപ്പിച്ച് വൃത്താകൃതിയിലുള്ള സ്ഥിര ഭ്രമണപഥത്തിൽ ഉറപ്പിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. 83 ഡിഗ്രി പൂർവരേഖാംശത്തിലാണ് ഉപഗ്രഹത്തിന്റെ ഇപ്പോഴത്തെ സ്ഥാനമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാമത്തെ ഘട്ടത്തിൽ ദ്രവ ഇന്ധനവും മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിൽ ക്രയോജനിക് എൻജിനുമാണ് ഉപയോഗിച്ചത്. പ്രതീക്ഷിച്ചതു പോലെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി തന്നെ പൂർത്തിയാക്കി. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എൻജിൻ ഉപയോഗിക്കുന്ന നിർണായകമായ മൂന്നാം ഘട്ടത്തെയായിരുന്നു ശാസ്ത്രജ്ഞർ ഉറ്റുനോക്കിയിരുന്നത്.  എന്നാൽ,  ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും ഇന്ധനമായി ഉപയോഗിച്ച ക്രയോജനിക് എൻജിൻ പിഴവ് വരാതെ ജ്വലിച്ചതോടെ സതീഷ് ധവാൻ സെന്ററിലെ ശാസ്ത്രജ്ഞരുടെ  മുഖം സന്തോഷം കൊണ്ട്  വിടർന്നു. വിക്ഷേപണം വിജയമായതോടെ ശാസ്ത്രജ്ഞർ പരസ്പരം അഭിനന്ദിച്ചു.

ഭൂസ്ഥിര ഭ്രമണപത്തത്തിൽ ഇന്ത്യ വിക്ഷേപിക്കുന്ന ഇരുപത്തി അഞ്ചാമത്തേതും ജി സാറ്റ് സീരീസിലെ പന്ത്രണ്ടാമത്തെ ഉപഗ്രഹവുമായിരുന്നു ഇത്. 1132 കിലോ ഇന്ധനം ഉൾപെടെ 2117കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. ആറ് വർഷം ആയുസുള്ള ഉപഗ്രഹത്തിന് ആറ് മീറ്റർ വ്യാസമുള്ള ആന്റിനയാണുള്ളത്. ഐ. എസ്. ആർ. ഒയുടെ ചരിത്രത്തിലെ തന്നെ  വലിയ ആന്റിനയും ഇതാണ്. എസ് ബാൻഡിൽ 5 സ്‌പോട്ട് ബീമുകളിലും സി ബാൻഡിൽ ഒരു നാഷണൽ ബീമിലുമാണ് ജി സാറ്റ്- 6 ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കുന്നത്. വാർത്താ വിനിമയ രംഗത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലുള്ള ഇന്ത്യയ്ക്ക് ഈ ഉപഗ്രഹം വലിയൊരു മുന്നേറ്റമാണ് സമ്മാനിക്കാൻ പോവുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ 400 ട്രാൻസ്‌പോണ്ടറുകൾക്ക് പകരം നൂറ്റിയന്പതെണ്ണം മാത്രമാണ് ഉള്ളത്. ശേഷിക്കുന്നതെല്ലാം വിദേശ രാജ്യങ്ങളിൽ നിന്ന് കടം വാങ്ങിയവയാണ്.

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ജി.എസ്.എൽ.വിയുടെ രണ്ടാമത്തെ വിജയകരമായ പരീക്ഷണമാണിത്. 2014 ഏപ്രിൽ 15ന് ക്രയോ എൻജിൻ ഉപയോഗിച്ച് വിക്ഷേപണം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്ന് ഈ വർഷം ജനുവരി 5ന് വീണ്ടും വിക്ഷേപണം നടത്തുകയും അത് വിജയത്തിൽ എത്തിക്കാനുമായി.

© 2024 Live Kerala News. All Rights Reserved.