തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ അവസാനമാകാമെന്ന് സർക്കാർ

 പുതിയ ഷെ‌ഡ്യൂൾ കോടതിയിൽ സമർപ്പിക്കും
 തരം താഴ്‌ത്തൽ: കോടതിയുടെ വാദം  സർക്കാർ ആയുധമാക്കും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരമേറുന്ന വിധത്തിലുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂൾ കോടതിയിൽ നൽകാൻ സർക്കാർ ഒരുങ്ങുന്നു. വിവാദങ്ങൾ അവസാനിപ്പിക്കാനെന്നോണം വാർഡ് പുനർനിർണയ സമിതി അംഗങ്ങളായ വകുപ്പ് സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മിഷനുമായി അനൗപചാരിക ചർച്ച ആരംഭിച്ചു.
സെപ്തംബർ മൂന്നിന് ഹൈക്കോടതി ഡിവിഷൻബെഞ്ച് കേസ് പരിഗണിക്കുമ്പോൾ സർക്കാർ പുതിയ ഷെഡ്യൂൾ സമർപ്പിക്കും.  അതിനെ എതിർക്കില്ലെന്നാണ് തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നടത്തിയ ചർച്ചയിൽ തിരഞ്ഞെടുപ്പ് കമ്മിഷണർ കെ. ശശിധരൻ നായർ അറിയിച്ചത്. വാർഡ് പുനർവിഭജനവും മറ്റും പൂർത്തിയാക്കി  തിരഞ്ഞെടുപ്പ് നടത്താൻ 45 ദിവസം  കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചുള്ള  നടപടികൾക്കാണ്    സർക്കാർ ഒരുങ്ങുന്നത്.

സെപ്തംബർ മൂന്നിന് കോടതിയുടെ അനുകൂല തീർപ്പ് കിട്ടിയാലുടൻ പുനർവിഭജനം ആരംഭിക്കും. 50ഓളം ബ്ലോക്ക് പഞ്ചായത്തുകൾ പുനർവിഭജിക്കണം. പതിനഞ്ചോളം ഗ്രാമപഞ്ചായത്തുകളുടെ ഭാഗങ്ങൾ മാറ്റി ക്രമീകരിക്കണം. ഇവ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ വാർഡ് വിഭജനവും പൂർത്തിയാക്കണം. അതിന്റെ കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സ്വീകരിച്ച് അന്തിമപട്ടിക പുറത്തിറക്കണം. ഈ നടപടികളെല്ലാം ഒക്ടോബർ 17ന് തീർക്കാമെന്നാണ് കണക്കുകൂട്ടൽ. 20നോ 21നോ കമ്മിഷന് വിജ്ഞാപനമിറക്കാം. നവംബർ 20നും 30നുമിടയ്ക്ക് വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയാക്കാം. നവംബർ 23 –  25 തീയതികളിൽ വോട്ടെടുപ്പാവാം. 28ന് വോട്ടെണ്ണലാവാം. ഡിസംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരും. കമ്മിഷനുമായി ചർച്ച ചെയ്‌ത ശേഷമായിരിക്കും സർക്കാർ ഈ വിശദാംശങ്ങൾ കോടതിയെ ധരിപ്പിക്കുക.
അതേസമയം ഒക്ടോബർ 31നകം തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ഭരണഘടനാബാദ്ധ്യത നിറവേറ്റാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. അതിനാൽ കോടതി ഇനി എന്ത് പറഞ്ഞാലും അതനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് കമ്മിഷണറുടെ നിലപാട്.

28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും കോടതി അംഗീകരിച്ച സ്ഥിതിക്ക് അവിടെയും തിരഞ്ഞെടുപ്പ് നടത്താൻ വാർഡ് പുനർവിഭജനത്തിനുള്ള സമയമായിരിക്കും സർക്കാർ കോടതിയിൽ ചോദിക്കുക. ഈ ആവശ്യം ഉന്നയിച്ച് വാർഡ് പുനർനിർണയകമ്മിഷൻ ചെയർമാൻ കൂടിയായ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അംഗങ്ങളായ വകുപ്പ് സെക്രട്ടറിമാർ കത്ത് നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് കമ്മിഷനുമായുള്ള ചർച്ചയിൽ സർക്കാർ നിലപാട് കടുപ്പിച്ചത്.
കോർപറേഷൻ വിഭജിച്ച് മുനിസിപ്പാലിറ്റിയാക്കിയത് കോടതി തള്ളിയ സ്ഥിതിക്ക്, പുതുതായി മുനിസിപ്പാലിറ്റികളും കോർപറേഷനുമായി ഉയർത്തിയ പഞ്ചായത്തുകളെ തിരിച്ച് തരംതാഴ്‌ത്തുന്നതും തെറ്റാണെന്നായിരിക്കും കോടതിയിൽ സർക്കാർ വാദിക്കുക. വികസനപ്രശ്നങ്ങളും ഉയർത്തിക്കാട്ടും. നഗരസഭകളുടെ എണ്ണം കുറ‌ഞ്ഞതിനാൽ പോയവർഷം നാല് സ്‌മാർട്ട് സിറ്റികൾ കേരളത്തിന് നഷ്ടപ്പെട്ടെന്നാണ് സർക്കാർവാദം. ഒരു സ്‌മാർട്ട് സിറ്റിക്ക് 500 കോടി വച്ച് കഴിഞ്ഞവർഷം 2000 കോടി നഷ്ടമായി. തമിഴ്നാട്ടിൽ ഗ്രാമങ്ങളെ പോലും നഗരസഭകളാക്കിയത് വഴി അവിടെ 12 സ്മാർട്ട് സിറ്റികൾ കിട്ടിയെന്നും സർക്കാർ ചൂണ്ടിക്കാട്ടും.

© 2024 Live Kerala News. All Rights Reserved.