കൊച്ചി ബോട്ടപകടത്തില്‍ മരണം എട്ടായി… കാണാതയവര്‍ക്കായി തിരച്ചില്‍ തുടരുന്നു…

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മീൻപിടിത്ത ബോട്ടിടിച്ച് യാത്രാബോട്ട് തകർന്ന് മരിച്ചവരിൽ ഒരു പെൺകുട്ടിയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടിൽ കുഞ്ഞുമോന്റെ മകൾ സുജിഷ(17), ഷിൽട്ടൺ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. സുജിഷയുടേത് ചെല്ലാനത്തുനിന്നും ഷിൽട്ടന്റേത് കണ്ണമാലിയിൽ നിന്നുമാണ് കിട്ടിയത്. സുജിഷയുടെ  അമ്മ സിന്ധുവും അപകടത്തിൽ മരിച്ചിരുന്നു. ഇതോടെ ഫോർട്ടുകൊച്ചി ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

രാവിലെ മത്സ്യബന്ധനത്തിറങ്ങിയ തൊഴിലാളികളാണ് ചെല്ലാനംതീരത്തോട് ചേർന്ന് സുജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥിനിയാണ്. സിന്ധുവിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. അപകടത്തിൽ കാണാതായ ഒരു കുട്ടിയടക്കം മൂന്ന്‌പേർക്കായി ഇന്നും തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ 20 പേർ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി, ഗൗതം ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് , മെഡിക്കൽ ട്രസ്റ്റ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലുള്ള സമീറ(28), ബീവി(40) എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വൈപ്പിനിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന ‘എം.വി ഭാരത്’ എന്ന ബോട്ടാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.40ന് അപകടത്തിൽപ്പെട്ടത്. ജെട്ടിയിൽ നിന്ന് ഡീസൽ നിറച്ച് പോകുകയായിരുന്ന മീൻപിടിത്ത ബോട്ട് അമിത വേഗത്തിൽ യാത്രാബോട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നെടുകെ പിളർന്ന ബോട്ട് പൂർണമായും മുങ്ങിയാണ് ദുരന്തം നടന്നത്.

© 2024 Live Kerala News. All Rights Reserved.