മമ്മുട്ടിയും നയന്സും വീണ്ടും ഒന്നിക്കുന്നു

വമ്പന്‍ പ്രോജക്ടുകള്‍ മാറ്റിവെച്ച് മമ്മൂട്ടി എ.കെ സാജന്റെ സോളമന്റെ കൂടാരത്തില്‍ അഭിനയിച്ചു തുടങ്ങി. കണ്ണടവച്ച് കുറ്റിത്താടിയുമായാണ് മമ്മൂട്ടിയുടെ ചിത്രത്തിലെ ഗെറ്റപ്പ്. മലയാള സിനിമയ്ക്ക് കരുത്തുറ്റ ആക്ഷന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ച എ.കെ സാജന്‍ ഇടവേളയ്ക്ക് ഒരുക്കുന്ന ആക്ഷന്‍ ചിത്രമായ സോളമന്റെ കൂടാരത്തില്‍ നയന്‍താരയാണ് മമ്മൂട്ടിയുടെ നായിക

ലൂയി പോത്തന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ വാസുകിയായി നയന്‍താര അഭിനയിക്കുന്നു. സൂപ്പര്‍ഹിറ്റായ ഭാസ്‌കര്‍ ദ റാസ്‌കലിന് ശേഷം നയന്‍സ് വീണ്ടും മമ്മൂട്ടിക്കൊപ്പമെത്തുകയാണ് ഈ ചിത്രത്തില്‍.

വ്യത്യസ്ത ജാതിയില്‍ പെട്ട ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും സിനിമയ്ക്ക് വിഷയമാകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് സഹയാത്രികനാണ് ലൂയി പോത്തന്‍. കമലിന്റെ ഉട്യോപ്യയിലെ രാജാവിന്റെ സെറ്റിലെത്തിയാണ് എ.കെ സാജന്‍ ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥകേട്ട മമ്മൂട്ടി മറ്റ് ചിത്രങ്ങള്‍ നീട്ടിവെച്ച് ഈ ചിത്രം ഉടന്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായ ധ്രുവത്തിലെ നരസിംഹമന്നാടിയാരെ സൃഷ്ടിച്ചത് എസ്.എന്‍.സ്വാമിയും എ.കെ സാജനും ചേര്‍ന്നായിരുന്നു.

ധ്രുവത്തിന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രമായേക്കാവുന്നതാണ് അഡ്വ: ലൂയി പോത്തന്‍ എന്ന കഥാപാത്രമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.