#Star_Chat : അമേരിക്കന്‍ ഓണവിശേഷങ്ങള്‍ പങ്കുവെച്ച് സുചിത്ര..

ഏറ്റവും വലിയ  സ്വപ്നമെന്താണെന്ന്  നടി സുചിത്രയോട് ചോദിച്ചാൽ  ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ, കേരളം, മലയാളികൾ, മലയാളം. അത്ര ഇഷ്ടം സൂക്ഷിക്കുന്നുണ്ട് സ്വന്തം മണ്ണിനോട്. ഓരോ വർഷവുമെന്നതു പോലെ  സുചിത്ര കാത്തിരിക്കുന്ന അവധിക്കാലമായിരുന്നു ഇത്തവണത്തേതും. അമേരിക്കയിലേക്ക് മടങ്ങിപ്പോകേണ്ട സമയമായതിനാലാവണം മുഖത്തെ പ്രസാദത്തിനിടയിൽ ഇത്തിരി മഴക്കാറുണ്ട്. പക്ഷേ, നാടിനെയും ഓണത്തെയും കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അഭിനയത്തിലെ അതേ പ്രസരിപ്പ് തിരികെയെത്തി.

അമേരിക്കയിലെ പത്തുവർഷം നീണ്ട പ്രവാസ ജീവിതത്തിനൊടുവിലും സുചിത്ര  നല്ല മലയാളം ഒട്ടും മറന്നിട്ടില്ല.  സംസാരം കേട്ടാലറിയാം അവർ ഹൃദയം കൊണ്ടാണ്  മലയാളത്തെ സ്നേഹിക്കുന്നതെന്ന്. നേട്ടങ്ങളിലും ചുവടുകളിലും ജീവിതത്തിലുമെല്ലാം അവർ സ്വന്തം നാടിനെയാണ് നെഞ്ചോടു ചേർത്തിരിക്കുന്നത്.

നൃത്തവും ജോലിയും കുടുംബവുമുൾപ്പെടെ  അമേരിക്കയിലെ തിരക്കിട്ട ഓട്ടത്തിനിടയിൽ കേരളത്തിൽ തിരികെ എത്തുന്ന നിമിഷമാണ്  ഓരോ പുലരിയിലും സുചിത്ര മനസിൽ താലോലിക്കുന്നത്. കൃത്യമായ ഇടവേളകളിൽ അവധിക്കാലം കാത്തിരുന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക്  പറക്കുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. നാട്ടിലെത്തുന്നത് ഇനി  ഒരു വർഷത്തേയ്ക്കുള്ള പ്രവാസ ജീവിതത്തിലേക്കുള്ള ഊർജ്ജമാണ് സമ്മാനിക്കുന്നതെന്ന് സുചിത്രയ്ക്ക് നന്നായി അറിയാം.

ഇത്തവണ ഓണം കൂടി കണക്കിലെടുത്തായിരുന്നു വരവെങ്കിലും അപ്രതീക്ഷിതമായുണ്ടായ ചില തിരക്കുകളിൽ ആ തീരുമാനം മാറ്റേണ്ടി വന്നു. ഓരോ യാത്രയിലും മകൾ നേഹയെ കൂടെ കൂട്ടാനും സുചിത്ര പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവിടെ ജനിച്ചു വളർന്നതു കൊണ്ട് നാട്ടിലെത്തുമ്പോൾ ഇത്തിരി പ്രയാസം അവൾക്കുണ്ടായിരുന്നു. ഇന്നിപ്പോൾ കുടുംബം, കൂട്ടായ്മകൾ, മലയാളം എന്നിവയുടെ സുഗന്ധം അവൾ ആസ്വദിച്ചു തുടങ്ങിയെന്ന് നിറഞ്ഞ സന്തോഷത്തോടെ സുചിത്രയിലെ അമ്മ അഭിമാനിക്കുന്നുണ്ട്.

”വിവാഹശേഷം വിട്ടു പോകേണ്ടി വന്നത് ഇത്തിരി സങ്കടമുണ്ടാക്കി. അമേരിക്കയിലെത്തിയപ്പോൾ  മദാമ്മമാരെ കാണുമ്പോൾ പോലും ദേഷ്യം വന്നിരുന്ന ആളാണ് ഞാൻ. പത്തുവർഷത്തെ പരിചയം ആ തോന്നലുകളെയെല്ലാം തിരുത്തി. ഡാളസിലാണ് ഞാൻ താമസിക്കുന്നത്. അവിടെ  മലയാളികൾ ഒരുപാടു പേരുണ്ട്. ഇവിടെയുള്ള ഓണം പോലെ  തന്നെ ഗംഭീരമായാണ് ഞങ്ങൾ അവിടെയും ഓണം ആഘോഷിക്കുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് എല്ലാവരും കൂടും. പൂക്കളവും വടം വലിയും ഊഞ്ഞാലാട്ടവും സദ്യയും എല്ലാം കെങ്കേമമായിരിക്കും. ഓണം കഴിഞ്ഞു വരുന്ന അവധി ദിവസമായിരിക്കും ഈ കൂട്ടായ്മ. അതൊരു പ്രത്യേക രസമാണ്. നാട്ടിൽ നിൽക്കുന്ന അതേ പ്രതീതി തന്നെ. അങ്ങനെയൊരു സന്തോഷത്തിൽ കൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ഒരു രസം വേറെ തന്നെയാണ്. കേരളത്തിൽ തന്നെയാണ് അപ്പോൾ നിൽക്കുന്നതെന്ന് തോന്നും.”
ഇത്തവണത്തെ സുചിത്രയുടെ ഏറ്റവും വലിയ സന്തോഷം വീട്ടിൽ നിന്നും പത്തുമിനുറ്റ് െ്രെഡവ് ദൂരത്തിൽ ഗുരുവായൂരപ്പൻ ക്ഷേത്രം വന്നതാണ്. ഗുരുവായൂരപ്പന്റെ അതേ സാന്നിദ്ധ്യം തന്നെയാണ് അവിടെ അനുഭവപ്പെടുന്നത്. പൂജകളും അനുഷ്ഠാനങ്ങളും ആചാരങ്ങളുമെല്ലാം ഗുരുവായൂരിലേതു പോലെ തന്നെ.
നാട്ടിലേക്കുള്ള ഓരോ വരവിലും സിനിമയിലേക്കുള്ള വിളികൾ സുചിത്രയെ തേടിയെത്താറുണ്ട്. ഇത്തവണയും അതിനു മാറ്റമുണ്ടായിട്ടില്ല. ജീവിതത്തിൽ ഓരോന്നിനും നേരമുണ്ടെന്ന് വിശ്വാസക്കാരിയാണ്. ഇനിയുമേറെ ജീവിതത്തിൽ ചെയ്തു തീർക്കാനുണ്ടെന്നാണ് മനസിൽ പ്ലാൻ ചെയ്തു വച്ചിട്ടുമുണ്ട്. നന്നേ ചെറുപ്പത്തിൽ സിനിമയിൽ വന്നു, പന്ത്രണ്ടുവർഷത്തോളം സിനിമയിൽ സജീവമായി നിന്നു. അതു കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക്. മടങ്ങി വരുന്ന നായികമാർക്ക് ലഭിക്കുന്ന സ്ഥിരം വേഷങ്ങളായ അമ്മ, പെങ്ങൾ വേഷങ്ങളോടൊന്നും താത്പര്യമില്ല. ഇനി  അങ്ങനെ ചെയ്യാനുണ്ടെന്ന് ബോദ്ധ്യപ്പെടുന്ന വേഷങ്ങൾ വരട്ടെ എന്നാണ്  തീരുമാനം. ഇഷ്ടമുള്ളത്  ചെയ്യൂ എന്ന് എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഭർത്താവ്  മുരളിയും മകൾ സ്നേഹയും കുടുംബാംഗങ്ങളുമുള്ളപ്പോൾ ഏതു  നിമിഷം വേണമെങ്കിലും തിരിച്ചുവരാമല്ലോ എന്ന ധൈര്യവുമുണ്ട്. ഏറ്റവും പ്രിയപ്പെട്ടതാണ് നൃത്തം, പിന്നെ യാത്ര, സംഗീതം. പാട്ട് ഏറെക്കാലം കൂടെയുണ്ടായിരുന്നു. ശാസ്ത്രീയസംഗീതം നന്നേ ചെറുപ്പത്തിലേ പഠിച്ചിരുന്നു. പ്രവാസജീവിതത്തിലേക്ക് കടന്നപ്പോൾ പാട്ടിന്  അവധി കൊടുത്തു. പക്ഷേ, നൃത്തം പിരിയാതെ തന്നെ കൂടെയുണ്ടായിരുന്നു. അതുകൊണ്ടാണ് നാട്യഗൃഹ  ഡാൻസ് അക്കാഡമി അവിടെ തുടങ്ങിയത്. ഇപ്പോൾ നൂറ്റമ്പതു വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ട്. ഈ തിരക്കിനിടയിൽ ഐ.ടി മേഖലയിലും ജോലി ചെയ്യുന്നുണ്ട്. വിവാഹശേഷം അമേരിക്കയിലെത്തിയപ്പോൾ തന്നെ ഇതിനു വേണ്ട കോഴ്‌സ് പൂർത്തിയാക്കിയിരുന്നു.

ഇത്രയും തിരക്ക് മാനേജ് ചെയ്യുന്നതെങ്ങനെ എന്ന ചോദ്യത്തിനും സുചിത്രയ്ക്ക് മറുപടിയുണ്ട്. ഓഫീസിലായാലും വീട്ടിലായാലും ക്വാളിറ്റി ടൈം കൃത്യമായി വിനിയോഗിക്കുക എന്നത്.
അമേരിക്കയിൽപോയ സമയത്ത് ആ കാലത്ത് കൂടെ അഭിനയിച്ചിരുന്ന നായികമാരായ സുനിതയെയും മാതുവിനെയും ഇടയ്ക്ക്  കണ്ടുമുട്ടാറുണ്ടായിരുന്നു. എന്നാൽ ഒരിക്കലും സിനിമയായിരുന്നില്ല സംസാര വിഷയമെന്നും സുചിത്ര ഓർക്കുന്നു.  നാട്ടിലല്ലാത്തപ്പോഴും ഒരു സിനിമ പോലും കാണാതെ വിടാറില്ല. സമയം കിട്ടുമ്പോഴെല്ലാം ടി.വിയിൽ കാണും, അതല്ലെങ്കിൽ തൊട്ടടുത്ത് തിയേറ്ററുകളുണ്ട്. പ്രേമം സിനിമ പോലും റിലീസ് സമയത്തു തന്നെ പോയി കണ്ടതാണ്. സിനിമയിലെ ന്യൂജറേഷൻ എന്ന വിശേഷണത്തോടൊന്നും താത്പര്യമില്ല. ഓരോ കാലത്തും യൂത്തിന്റെ തരംഗമുണ്ടാകും. അത് ഒരു കാലത്തിന്റെ മാത്രം പ്രത്യേകതയല്ല.
ജീവിതത്തിൽ  ഭാഗ്യവതിയായാണ് സ്വയം തോന്നിയിട്ടുള്ളത്. ആഗ്രഹിച്ചതു പോലെ സിനിമയിലെത്തി, എത്രയോ വലിയ ക്ഷേത്രങ്ങളിൽ നൃത്തമവതരിപ്പിച്ചു, നല്ല കുടുംബം. ആദ്യചിത്രത്തിനു ശേഷം ഇനി  അവസരം കിട്ടില്ലേ എന്നൊരു സങ്കടം വന്നെങ്കിലും തുടർച്ചയായി ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. കോമഡിചിത്രങ്ങളുടെ ഭാഗമാകാൻ അന്ന് കുറച്ചു പ്രയാസം തോന്നിയിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറത്ത് നിന്ന് നോക്കുമ്പോൾ ഇപ്പോഴും സജീവമായി നിൽക്കുന്നത് അത്തരം ചിത്രങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. ടിവിയിലൊക്കെ കണ്ടു കണ്ട് വീട്ടിലെ ഒരാളെപ്പോലെയാണ് എല്ലാവരും കാണുന്നത്. സാധാരണക്കാരൊക്കെ കാണുമ്പോൾ സ്നേഹത്തോടെ വന്നു വിശേഷങ്ങൾ തിരക്കാറുണ്ട്. ഇത്ര സ്നേഹമൊക്കെയുണ്ടോ എന്ന് അത്ഭുതം തോന്നുമപ്പോൾ. ഞാനും അവരിലൊരാളാണ്. അങ്ങനെയുള്ള സ്നേഹവലയങ്ങളിൽ നിൽക്കുമ്പോൾ സുരക്ഷിതയാണെന്നു തോന്നും. അതാണ് നമ്മുടെ നാട്ടിന്റെ നന്മയും സ്നേഹവുമെന്ന് ഉറപ്പോടെ പറയാൻ കഴിയുമെന്നും സുചിത്ര പറയുന്നു.

Courtesy:Keralakoumudi, Ramya Mukundan

© 2024 Live Kerala News. All Rights Reserved.