#Star_Chat :ഫേസ്ബുക്കില്‍ മോശം കമന്റ് ഇടുന്നവര്‍ക്ക് ഉചിതമായ മറുപടി കൊടുക്കും.. ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല : നമിത പ്രമോദ്‌

സിനിമയിൽ തിളങ്ങി നിൽക്കുന്പോഴും മുടക്കം കൂടാതെ പഠനവും മുന്നോട്ട് കൊണ്ട് പോകുന്ന നടിയാണ് നമിതാ പ്രമോദ്. ഒരേ സമയത്ത് ഒരു സിനിമ എന്നതാണ് താരത്തിന്റെ രീതി. നാദിർഷാ സംവിധാനം ചെയ്യുന്ന അമർ അക്ബർ ആന്റണിയുടെ ഷൂട്ടിംഗ് തിരക്കിലും മറ്റുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ തിരക്കിലായിരുന്നു താരം.

ഒരേ തരം വേഷങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കുന്നതെന്നും മറ്റും പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഏറെ കളിയാക്കപ്പെടുന്ന നടി കൂടെയാണ് നമിത. അനാവശ്യമായ കമന്റുകളെ താൻ മുഖവിലയ്ക്കെടുക്കാറില്ലെന്ന് താരം പറഞ്ഞു.  ജനങ്ങൾക്ക് പല കാര്യങ്ങളും പറയുകയോ ഉപദേശിക്കുകയോചെയ്യാം. എന്നാൽ വിമർശിക്കുന്നത് കാര്യമുള്ള കാര്യത്തിനാണോ അല്ലയോ എന്ന് തനിക്ക് മനസിലാക്കാനാകും.  ഇത്തരം കാര്യങ്ങളിൽ മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ലെന്നും മോശം കമന്റുകൾ ഇടുന്നവർക്ക് താൻ തിരിച്ച് മറുപടി നൽകാറുണ്ടെന്നും താരം പറഞ്ഞു.

അമർ അക്ബർ ആന്റണിയിൽ നാദിർഷാ, ഇന്ദ്രജിത്ത്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയവരോടൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം താരം പങ്ക് വച്ചു. രസകരമായൊരു ചിത്രമാണ് അമർ അക്ബർ ആന്റണി. ജെനി എന്ന സിനിമാറ്റിക് ഡാൻസറിന്റെ വേഷമാണ് താൻ അവതരിപ്പിക്കുന്നത്. മട്ടാഞ്ചേരിയിലാണ് ജെനി താമസിക്കുന്നത്. ആ സ്ഥലങ്ങളിൽ ജീവിക്കുന്നവരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.

പുള്ളിപ്പുലികളും ആൺകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങളിൽ നമിത നർത്തകിയുടെ വേഷം അവതരിപ്പിച്ചിരുന്നു. താൻ മനപ്പൂർവ്വം അത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതല്ലെന്നും നല്ല തിരക്കഥകൾ തന്നെ തേടിയെത്തുന്നതാണെന്നും താരം പറഞ്ഞു. നൃത്തം വളരെ ഇഷ്ടമാണ്. അതിനാൽ പെട്ടെന്ന് നൃത്തച്ചുവടുകൾ മനസിലാക്കാൻ സാധിക്കും. എന്നാൽ സിനിമാറ്റിക് ഡാൻസ് താൻ സ്കൂളിലോ കോളേജിലോ ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ലെന്നും നമിത പറഞ്ഞു.

സാന്ദ്രാ തോമസി- വിജയ് ബാബു ടീമിന്റെ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലാണ് അടുത്തതായി നമിത അഭിനയിക്കുന്നത്. സെപ്തംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. രസകരമായൊരു തിരക്കഥയാണ് ഈ ചിത്രത്തിനുള്ളത്. ഉറപ്പായും ഈ ചിത്രം എല്ലാവർക്കും ഏറെ ഇഷ്ടമാകുമെന്നും നമിത വ്യക്തമാക്കി.

Courtesy:Keralakoumudi.com

© 2024 Live Kerala News. All Rights Reserved.