ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 5.30 ന് പറവൂരിലെ വസതിയിലായിരുന്നു അന്ത്യം.

നാടകവേദിയിലൂടെ സിനിമയിലെത്തിയ ഭരതന്റെ ആദ്യ ചിത്രം 1951 ല്‍ പുറത്തിറങ്ങിയ വേല്‍ സ്വാമിയുടെ രക്തബന്ധമാണ്. വില്ലനില്‍ നിന്ന് ഹാസ്യ കഥാപാത്രത്തിലേക്ക് ചേക്കേറിയ അദ്ദേഹം 2009 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ചങ്ങാതിക്കൂട്ടമാണ് അവസാന ചലച്ചിത്രം. പരേതന്റെ വിലാപം എന്ന ടെലിഫിലിമിലാണ് അവസാനമായി അഭിനയിച്ചത്.

1929 ല്‍ എറണാകുളം പറവൂര്‍ താലൂക്കിലെ വാവക്കാട്ടാണ് ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തേ അഭിനയത്തില്‍ സജീവമായിരുന്ന ഭരതന്‍ പിന്നീട് പ്രമുഖ കഥാപ്രസംഗ കലാകാരന്‍ കെടാമംഗലം സദാശിവന്റെ സുഹൃത്തായി. അങ്ങനെയാണ് നാടക വേദിയിലെത്തിയത്

പറവൂര്‍ ഭരതന്‍ അഭിനയിച്ച ചെമ്മീന്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അതേ ദിവസമാണ് അദ്ദേഹം അന്തരിച്ചത്.

മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, കണ്ണൂര്‍ ഡീലക്‌സ്, റസ്റ്റ് ഹൗസ്, പഞ്ചവടി തുടങ്ങി 250 ലേറെ ചിത്രങ്ങളിലഭിനയിച്ചു.

തങ്കമണിയാണ് ഭാര്യ. പ്രദീപ്, അജയന്‍, ബിന്ദു, മധു എന്നിവര്‍ മക്കളാണ്.

© 2024 Live Kerala News. All Rights Reserved.