കെ.എസ് രവികുമാറിന്റെ ദ്വിഭാഷാ ചിത്രത്തില്‍ നിത്യ മേനോന്‍ നായിക

പ്രമുഖ തമിഴ് സംവിധായകൻ കെ.എസ് രവികുമാർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ തെന്നിന്ത്യൻ നടി നിത്യ മേനൻ നായികയാകുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ നായകൻ സുദീപാണ്. തമിഴ്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. സുരപ്പ ബാബുവാണ് ചിത്രത്തിന്റെ നിർമാതാവ്. ഡി ഇമാം സംഗീതം ഒരുക്കും. കൊട്ടിഗോബ എന്നാണ് ചിത്രത്തിന്റെ പേരെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിത്യയുടെ അഞ്ചാമത്തെ കന്നട ചിത്രമായിരിക്കും ഇത്.

മലയാളം, തെലുങ്ക്, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിലാണ് നിത്യ അഭിനയിച്ചിട്ടുള്ളത്. തമിഴിൽ താരം അഭിനയിച്ച മണിരത്നം ചിത്രം ഓ കാതൽ കണ്മണി മികച്ച വിജയമാണ് നേടിയത്. അടുത്തതായി അനുഷ്ക ഷെട്ടിയോടൊപ്പം രുദ്രമാദേവി എന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യ അഭിനയിക്കുക.  സൂര്യയും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം കുമാർ ചിത്രം 24ലും നിത്യ അഭിനയിക്കുന്നുണ്ട്.

ഈച്ച എന്ന ചിത്രത്തിന് ശേഷം സുദീപ് ബാഹുബലി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിലും സുദീപ് ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ റാണ എന്ന കന്നട ചിത്രം  ബോക്സ് ഓഫീസിൽ അൻപത് ദിവസം പിന്നിട്ടു.

© 2024 Live Kerala News. All Rights Reserved.