#Star_Chat : അമ്മയാകുന്നത് ദൈവത്തിന്റെ അനുഗ്രഹം… വിവാഹം കഴിഞ്ഞ നടിമാരോട് പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേടില്ല: അമലപോള്‍

വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്നത് ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. അതിൽ എനിക്ക് ഒന്നും പറയാനില്ല. അഭിനയിക്കണമെങ്കിൽ അവർക്ക്  സാഹചര്യങ്ങളുടെ പിന്തുണ  വേണം. വിവാഹത്തിന് ശേഷം കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുന്നവരുമുണ്ട്. ആ തീരുമാനത്തോട് എനിക്ക് ബഹുമാനമാണ്. മുമ്പൊക്കെ വിവാഹം കഴിഞ്ഞ നടിമാർക്ക് മാർക്കറ്റ് കുറയുമായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നുമില്ല. ഇപ്പോഴത്തെ പ്രേക്ഷകർ ഒരുപാട് പുരോഗമന ചിന്തയുള്ളവരാണ്. അവർ ഇത്തരം നൂലാമാലകളിൽ ചുറ്റിക്കിടക്കുന്നില്ല. അതുകൊണ്ടല്ലേ എനിക്കിപ്പോഴും പിടിച്ച് നിൽക്കാനാവുന്നത്.

വിവാഹത്തിന് ശേഷം ഞാൻ സിനിമയിൽ തുടരുന്നത് വിജയ്യുടെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ്. വിജയ്യുടെ കുടുംബത്തിന്റെ പിന്തുണയുമുണ്ട്. അതുകൂടാതെ സിനിമയിലെ ആളുകൾ എന്നെ പിന്തുണയ്ക്കുന്നു. എനിക്ക് വിവാഹജീവിതവും സിനിമയും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്.വിവാഹം നമ്മുടെ വ്യക്തിത്വത്തെ ബാധിക്കരുത്. ഓരോരുത്തരുടെയും വ്യക്തിത്വം ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മറ്റ് നേട്ടങ്ങളുടെയും ആകെ തുകയാണ്. സ്വതന്ത്ര ചിന്താഗതിയുള്ള, തന്റേടമുള്ള  സ്ത്രീകളെ എല്ലാ പുരുഷൻമാരും   ബഹുമാനിക്കുമെന്ന് എനിക്ക് ഉറപ്പാണ്. വിവാഹിതരായ നടിമാരോട് മാത്രമല്ല എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് അതാണ്.

വിജയെ ഞാൻ മാറ്റിയെടുത്തു
വിജയ് ഒരു ഷെല്ലിൽ ജീവിച്ചയാളാണ്.ഞാൻ വിജയ്യെ ആ ഷെല്ലിൽ നിന്ന് പുറത്ത് കൊണ്ടുവന്നു. പണ്ടൊക്കെ വിജയ് വിദേശത്ത് ഷൂട്ട് കഴിഞ്ഞ് അടുത്ത ഫ്‌ളൈറ്റിൽ തിരിച്ച് പോരും. ഇപ്പോൾ അതിൽ നിന്ന് മാറി. അവിടെ ചുറ്റി നടന്ന് സ്ഥലങ്ങളൊക്കെ കണ്ടിട്ടേ പോരൂ.  ഞാൻ പഠിപ്പിച്ച ശീലമാണ്. വിജയ്യെ എന്റെ പരിപാടികളിലൊക്കെ ഞാൻ ഇൻവോൾവ് ചെയ്യിക്കും. ശരിക്കും എന്നെ കണ്ടതിന് ശേഷം വിജയ്യുടെ വേറൊരു സ്വഭാവം പുറത്ത് വരികയായിരുന്നു. ശരിക്കും എന്നെ ഒരു എന്റർടെയ്‌നറായാണ് എല്ലാവരും കാണുന്നത്. എനിക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള കഴിവുണ്ടെന്ന് വിജയ് പറയാറുണ്ട്.

സമയമാകുമ്പോൾ  അമ്മയാകും
കുട്ടികളെ ആർക്കാണ്   ഇഷ്ടമല്ലാത്തത്.  അമ്മയാകുന്നത്   ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. അത് മറച്ച് വയ്ക്കാൻ പറ്റുന്ന കാര്യമല്ല. ഞാൻ ഒരുകാര്യവും മറച്ചുവയ്ക്കില്ല. എന്റെ പ്രണയത്തെപ്പറ്റി എല്ലാവരോടും തുറന്ന് പറഞ്ഞില്ലേ. അമ്മയാകുന്നത്  അതിന്റേതായ സമയത്ത് നടക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു.

© 2024 Live Kerala News. All Rights Reserved.