സംസ്ഥാനത്ത് വരാനിരിക്കുന്നത് തീവ്രമഴ, കാലവര്‍ഷം തിങ്കളാഴ്ച എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളത്തും തൃശ്ശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീന്‍പിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.

കേരളാ തീരത്തോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദമായി മാറിയേക്കും. ഇത് നാളെയോടെ ചുഴിക്കാറ്റായി മാറിയേക്കും. റിമാല്‍ എന്നായിരിക്കും പേര്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള-തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

© 2025 Live Kerala News. All Rights Reserved.