കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ വിവാദ പരാമർശം നടത്തിയത്. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയും, സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും സത്യഭാമ നടത്തിയ പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീന കുമാരി അറിയിച്ചു.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടം സ്വാമിയും പരാതി നൽകിയിരുന്നു. ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുന്ന വിധം സംസാരിച്ചതിൽ സത്യഭാമയെ കലാമണ്ഡലം തള്ളിയിരുന്നു. കലാമണ്ഡലത്തിലെ പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കലാമണ്ഡലവുമായി ബന്ധമില്ലെന്ന് വിസിയും രജിസ്ട്രാറും വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നർത്തകനും കലാകാരനുമാണ് ആൽഎൽവി രാമകൃഷ്ണൻ. യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.